രാജ്യംവിട്ടോടിയ സൈനികന്റെ വയറ്റി‍ൽ 27 സെന്റീമീറ്റർ വിര; ഉത്തര കൊറിയയിൽ കൊടുംദാരിദ്ര്യം?

സോൾ∙ ഉത്തര കൊറിയയിൽ നിന്നു ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ട സൈനികൻ കഴിഞ്ഞിരുന്നതു നല്ല ഭക്ഷണമോ സൗകര്യങ്ങളോ ഇല്ലാതെ. ദക്ഷിണ കൊറിയയിലെ ഡോക്ടർമാർ സൈനികന്റെ വയറ്റിൽനിന്ന് 27 സെന്റീമീറ്റർ നിളമുള്ള വിരയെ കണ്ടെത്തിയതോടെയാണ് ഉത്തര കൊറിയയിലെ പോഷകാഹാരക്കുറവും ശുചിത്വമില്ലാത്ത ദുരിതജീവിതവും വെളിച്ചത്തായത്.

മുപ്പതിനു താഴെ പ്രായമുള്ള സൈനികന്റെ വയറ്റിൽനിന്നു നീക്കംചെയ്തതരം വിര മെഡിക്കൽ പാഠപുസ്തകങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളൂവെന്നു ദക്ഷിണ കൊറിയയിലെ ഡോക്ടർമാർ പറയുന്നു. ഇയാളുടെ ആമാശയത്തിൽനിന്ന് ചോളത്തരികളും കണ്ടെത്തി. തീർത്തും മോശമായ ഭക്ഷണമാണു സൈനികർക്കു പോലും കിട്ടിയിരുന്നതെന്ന സൂചനയാണിതെന്നു വിദഗ്ധർ പറയുന്നു.

അതിർത്തിയിലെ യുഎൻ സംരക്ഷിത മേഖലയിൽ കാവൽനിൽക്കുന്നതിനിടെ ദക്ഷിണ കൊറിയയിലേക്ക് രക്ഷപ്പെട്ടോടിയ സൈനികനെ ഉത്തര കൊറിയൻ സൈനികർ വെടിവച്ചുവീഴ്ത്തിയിരുന്നു. വെടിയേറ്റിട്ടും ഓടി അതിർത്തി കടന്നശേഷമാണു യുവാവ് കുഴഞ്ഞുവീണത്. അതീവ ഗുരുതര നിലയിലായിരുന്ന ഇയാൾക്ക് ഒന്നിലേറെ ശസ്ത്രക്രിയകൾ വേണ്ടിവന്നു. ഇതിനിടെയാണ് വിരകൾ കണ്ടെത്തിയത്.

രാസവളങ്ങൾക്കു കടുത്ത ക്ഷാമം നേരിടുന്ന ഉത്തര കൊറിയയിൽ മനുഷ്യവിസർജ്യമാണു കൃഷിക്കു വളമായി ഉപയോഗിക്കുന്നത്. ഇത്തരം കൃഷിരീതികളാവാം അര നൂറ്റാണ്ടു മുമ്പ് അവികസിത രാജ്യങ്ങളിൽ കണ്ടിരുന്നതരം വിരകൾ പെരുകാൻ കാരണമെന്നു കരുതുന്നു.