ഇമ്രാൻ ഖാനെ അയോഗ്യനാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

ഇസ്‍ലാമാബാദ്∙ വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന കേസിൽ പാക്കിസ്ഥാൻ തെഹ്‍രീകെ ഇൻസാഫ് (പിടിഐ) പാർട്ടി മേധാവി ഇമ്രാൻ ഖാനെ അയോഗ്യനാക്കണമെന്ന ഹർജി പാക്ക് സുപ്രീം കോടതി തള്ളി. എന്നാൽ പാർട്ടിയുടെ സെക്രട്ടറി ജനറൽ ജഹാംഗീർ ഖാൻ തരീനെ കോടതി അയോഗ്യനാക്കി.

പാക്ക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കൂടിയായ ഇമ്രാനെതിരെ, പാർട്ടിക്കു വേണ്ടി വിദേശഫണ്ട് സ്വീകരിച്ചു എന്നതിനു പുറമേ സ്വത്തുക്കൾ മറച്ചുവയ്ക്കൽ, വിദേശത്തുള്ള കമ്പനിയുടെ ഉടമസ്ഥത തുടങ്ങി ഒട്ടേറെ ആരോപണങ്ങൾ നിലവിലുണ്ട്. പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് (നവാസ്) നേതാവ് ഹനീഫ് അബ്ബാസിയുടെ പരാതിയിലാണു കഴ‍ിഞ്ഞ വർഷം ഇമ്രാനും തരീമിനുമെതിരെ കേസെടുത്തത്.

പാക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മിയാൻ സാഖ്വിബ് നിസാർ അധ്യക്ഷനായ മൂന്നംഗ ബെ‍‍ഞ്ച് അൻപതോളം സിറ്റിങ്ങുകൾ നടത്തിയ ശേഷമാണു വിധി പ്രസ്താവിച്ചത്. ഇമ്രാനെതിരായ എല്ലാ ആരോപണങ്ങളും കോടതി തള്ളി. എന്നാൽ തരീന് ആജീവനാന്ത വിലക്കാണു ശിക്ഷ. അപ്പീൽ നൽകുമെന്നു പിടിഐ വക്താവ് അറിയിച്ചു. 

നവാസ് ഷരീഫ്: പുതിയ അഴിമതിക്കേസ് കോടതി തള്ളി

ഇസ്‍ലാമാബാദ്∙ അഴിമതിക്കേസുകളിൽ കുടുങ്ങിക്കിടക്കുന്ന പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനു നേരിയ ആശ്വാസമേകി സുപ്രീം കോടതി. ഷരീഫിനെതിരെയുള്ള മറ്റൊരു അഴിമതിക്കേസ് വീണ്ടും പരിഗണിക്കേണ്ടതില്ലെന്നു മൂന്നംഗ ബെഞ്ച് വിധിച്ചു.

2014ൽ ലഹോർ ഹൈക്കോടതി തെളിവില്ലെന്നു കണ്ടു തള്ളിയ ഹുദൈബ പേപ്പർ മിൽ അഴിമതിക്കേസ് വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ടു നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ആണു സുപ്രീം കോടതിയെ സമീപിച്ചത്. ഷരീഫിനും കുടുംബത്തിനുമെതിരെ പർവേസ് മുഷറഫിന്റെ ഭരണകാലത്തു 2000ൽ റജിസ്റ്റർ ചെയ്ത കേസിൽ, 102 കോടി രൂപയുടെ അഴിമതിയാരോപണമായിരുന്നു ഉന്നയിക്കപ്പെട്ടിരുന്നത്.

കേസിൽ പുതിയ തെളിവുകൾ ഒന്നുമില്ലെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പാനമ പേപ്പർ അഴിമതി ആരോപണങ്ങളിൽ അയോഗ്യനാക്കപ്പെട്ടതോടെ പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ഷരീഫ് കോടതി നടപടികൾ നേരിടുകയാണ്. ജൂലൈയിലാണു ഷരീഫിനു രാജിവയ്ക്കേണ്ടി വന്നത്.