ഇറാനിൽ പ്രതിഷേധം പടരുന്നു; മരണസംഖ്യ 12 ആയി

ടെഹ്​റാൻ ∙ ഇറാനിൽ സർക്കാരിനെതിരായ പ്രക്ഷോഭം വിവിധ നഗരങ്ങളിലേക്കു പടർന്നപ്പോൾ കൊല്ലപ്പെട്ടവരുടെ എണ്ണം മൊത്തം 12 ആയി. കഴിഞ്ഞ ദിവസം രാത്രി ഏറ്റുമുട്ടലിൽ 10 പ്രതിഷേധക്കാർ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക ടിവി ഇന്നലെ വെളിപ്പെടുത്തി. നൂറുകണക്കിനു പേർ അറസ്റ്റിലായിട്ടുണ്ട്. തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്നങ്ങൾ, ഭരണാധികാരികളുടെ അഴിമതി എന്നിവയുടെ പേരിൽ വ്യാഴാഴ്ചയാണ് ഇറാനിലെ മഷാദിൽ പ്രക്ഷോഭകർ തെരുവിലിറങ്ങിയത്.

തുടർന്നു വിവിധ നഗരങ്ങളിൽ അവർ പ്രകടനം നടത്തുകയും പൊലീസ് സ്റ്റേഷനുകൾ, സൈനികത്താവളങ്ങൾ എന്നിവ കയ്യടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിലാണു കഴിഞ്ഞ ദിവസം 10 പേർ കൊല്ലപ്പെട്ടതെന്നു കരുതുന്നു. വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സമാധാനം പാലിക്കാനും പ്രക്ഷോഭകർ വീടുകളിലേക്കു മടങ്ങാനും പ്രസിഡന്റ് ഹസൻ റൂഹാനി അഭ്യർഥിച്ചു.

ഇതിനിടെ, സമൂഹ മാധ്യമങ്ങളെ നിരോധിച്ചും മറ്റും ജനങ്ങളുടെ പ്രതിഷേധത്തെ തല്ലിക്കെടുത്താനുള്ള ഭരണാധികാരികളുടെ നീക്കത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ചു.