എച്ച്–1 ബി വീസ നിയമങ്ങളിൽ മാറ്റം വരുത്താൻ യുഎസ്; ഏഴരലക്ഷം വരെ ഇന്ത്യക്കാർക്ക് ഭീഷണി

വാഷിങ്ടൻ ∙ യുഎസിലെ ജോലികളിൽ നാട്ടുകാർക്കു മുൻഗണന നൽകുകയെന്ന പ്രസിഡന്റ് ട്രംപിന്റെ നയത്തിന്റെ ഭാഗമായി എച്ച്–1ബി വീസ നിയമങ്ങളിൽ മാറ്റം പരിഗണിക്കുന്നു. ഇതിനുള്ള നിർദേശം യാഥാർഥ്യമായാൽ ഇന്ത്യക്കാരായ ഏഴരലക്ഷം പേർ യുഎസ് വിട്ടുപോരേണ്ടി വരും.

മൂന്നു വർഷത്തെ എച്ച്–1ബി വീസയിൽ ജോലി ചെയ്യുന്നവർക്കു കാലാവധിക്കുശേഷം മൂന്നു വർഷത്തേക്കു കൂടി വീസ ഒറ്റത്തവണയായി നീട്ടിക്കൊടുക്കാൻ ഇപ്പോൾ വ്യവസ്ഥയുണ്ട്. സ്ഥിര താമസത്തിനുള്ള ഗ്രീൻ കാർഡിന് ഇതിനകം അപേക്ഷ നൽകിയാൽ, അത് അംഗീകരിക്കപ്പെടുന്നതുവരെ യുഎസിൽ തുടരാം. ഈ വ്യവസ്ഥയിൽ ഭേദഗതി വരുത്തിക്കൊണ്ട്, വീസ പുതുക്കി നൽകുന്നതു ബന്ധപ്പെട്ട വകുപ്പിന്റെ വിവേചനാധികാരങ്ങളിൽ ഉൾപ്പെടുത്താനാണു നിർദേശം.

ഗ്രീൻകാർഡിന് ഓരോ രാജ്യങ്ങൾക്കും പ്രതിവർഷ ക്വോട്ട നിശ്ചയിച്ചിട്ടുണ്ട്. കൂടുതൽ അപേക്ഷകരുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇതു വർഷങ്ങൾ നീണ്ടുപോയേക്കാം. അതുവരെ വീസ സ്വാഭാവികമായി നീട്ടിക്കിട്ടിയില്ലെങ്കിൽ ഏഴര ലക്ഷം പേർവരെ തിരിച്ചുപോരേണ്ടിവരുമെന്നാണു നിഗമനം. പുതിയ നയംമാറ്റ നിർദേശം

ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെ (ഡിഎച്ച്എസ്) പരിഗണനയ്ക്കായി വിട്ടിട്ടുണ്ട്. വിദേശികളുടെ പൗരത്വം, കുടിയേറ്റം എന്നിവ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഡിഎച്ച്എസ് ആണ്. എച്ച്–1ബി വീസയിൽ എത്തുന്നവരുടെ പങ്കാളികൾക്കു ജോലി ചെയ്യാൻ അനുമതി നൽകുന്ന നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശവും പരിഗണനയിലാണ്.