Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്-4 വീസ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കലിൽ തീരുമാനം മൂന്നു മാസത്തിനകം: ട്രംപ് ഭരണകൂടം

Donald Trump ഡോണള്‍ഡ് ട്രംപ്

വാഷിങ്ടൻ‍∙ എച്ച്-4 വീസയുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ മൂന്നു മാസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് ട്രംപ് ഭരണകൂടം. ആഭ്യന്തര സുരക്ഷാ വകുപ്പ് ഫെഡറല്‍ കോടതിയെ ഇക്കാര്യം അറിയിച്ചു. എച്ച്-1ബി വീസയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളുടെ പങ്കാളികളെയാണു തീരുമാനം പ്രതികൂലമായി ബാധിക്കുക. ഇവര്‍ക്കു ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാവും സംജാതമാകുക. 70,000 പേരാണ് എച്ച്-4 വീസ പ്രകാരം വര്‍ക്ക് പെര്‍മിറ്റ് നേടി വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ നല്ലൊരു പങ്കും ഇന്ത്യക്കാരാണ്.

യുഎസില്‍ എച്ച്-1ബി വീസയില്‍ ജോലി ചെയ്യുന്ന വിദഗ്ധ ജീവനക്കാരുടെ പങ്കാളിക്ക് അവിടെ ജോലി ചെയ്യാന്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നത് എച്ച്-4 വീസയിലാണ്. ഇത്തരത്തില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതു സംബന്ധിച്ച ചട്ടം റദ്ദാക്കുന്ന നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ആഭ്യന്തര സുരക്ഷ വകുപ്പ് കോടതിയെ അറിയിച്ചു. വൈറ്റ് ഹൗസിലെ ഓഫിസ് ഓഫ് മാനേജ്‌മെന്റ് ഓഫ് ബജറ്റിനു മൂന്നു മാസങ്ങള്‍ക്കകം പുതിയ നിയമം സമര്‍പ്പിക്കുമെന്നും വകുപ്പ് വ്യക്തമാക്കി. അതുവരെ ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിക്കരുതെന്നും കോടതിയോട് ആവശ്യപ്പെട്ടു. എച്ച്-4 വീസയുള്ളവര്‍ക്കു വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതു തങ്ങളുടെ തൊഴില്‍ അവസരങ്ങളെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി സേവ് ജോബ്‌സ് യുഎസ്എ എന്ന സംഘടനയാണു കോടതിയെ സമീപിച്ചിരിക്കുന്നത്.

എച്ച്1-ബി വീസയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള അതിവിദഗ്ധ പ്രഫഷണലുകളുടെ ജീവിതപങ്കാളികള്‍ക്കും യുഎസില്‍ ജോലിചെയ്യാനുള്ള അവസരം ഒബാമ സര്‍ക്കാരാണ് അനുവദിച്ചത്. എന്നാല്‍ ഈ സംവിധാനം നിര്‍ത്തലാക്കുമെന്ന നിലപാടാണ് തുടക്കം മുതല്‍ ട്രംപ് ഭരണകൂടം സ്വീകരിച്ചുവരുന്നത്. ഇതിനെതിരെ യുഎസ് കോണ്‍ഗ്രസിലെ 130 അംഗങ്ങള്‍ സര്‍ക്കാരിനു നിവേദനം നല്‍കിയിട്ടുണ്ട്.

എച്ച്-4 വീസ നിര്‍ത്തലാക്കുന്നതു സംബന്ധിച്ചു വിജ്ഞാപനം വൈകുന്നതു സംബന്ധിച്ചു ഇതു മൂന്നാം തവണയാണ് ഭരണകൂടം കോടതിയില്‍ വിശദീകരണം നല്‍കുന്നത്.