Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്–1 ബി വീസ നടപടികൾ വീണ്ടും കർശനമാക്കി യുഎസ്; ഇന്ത്യക്കാർക്ക് തിരിച്ചടി

H - 1B Visa

വാഷിങ്ടൻ∙ എച്ച്–1 ബി വീസ നടപടിക്രമങ്ങൾ യുഎസ് കൂടുതൽ കർശനമാക്കുന്നു. മാതൃകമ്പനിയിൽനിന്ന് മറ്റു കമ്പനികളിലേക്ക് ജോലിയാവശ്യത്തിനായി പോകുന്ന (ഡപ്യൂട്ടേഷൻ) ജീവനക്കാർക്ക് നൽകുന്ന വീസയ്ക്കുള്ള നടപടി ക്രമങ്ങളാണ് കർശനമാക്കിയത്. യുഎസിലെ ഇന്ത്യൻ കമ്പനികളെയും ജീവനക്കാരെയും ബാധിക്കുന്ന തരത്തിലാണ് മാറ്റം. ജീവനക്കാരെ മറ്റൊരു കമ്പനിയിലേക്ക് എന്തിനാണ് വിടുന്നതെന്നുള്ള വിശദീകരണം കമ്പനി തന്നെ നൽകണം. ഒപ്പം ജോലിയിൽ ഇയാൾക്കുള്ള നൈപുണ്യവും വ്യക്തമാക്കണം. തുടർന്ന് അവർ കമ്പനിയിൽ ജോലി ചെയ്യുന്ന അത്രയും കാലത്തേക്കു മാത്രമുള്ള വീസ അനുവദിക്കാമെന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

യുഎസിലെ ബാങ്കിങ്, സഞ്ചാര, കൊമേഴ്സ്യൽ സർവീസ് വിഭാഗങ്ങളിലായി ഒട്ടേറെ ഇന്ത്യക്കാരാണ് എച്ച്–1 ബി വീസയിൽ ജോലി ചെയ്യുന്നത്. യോഗ്യതയുള്ള അമേരിക്കൻ പൗരന്മാരുടെ കുറവാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. ഡപ്യൂട്ടേഷന്റെ ഭാഗമായി ഇതര കമ്പനികളിലേക്കു പോകുന്നവർക്ക് മൂന്നു വർഷത്തിൽ താഴെ മാത്രമേ വീസ നൽകൂവെന്നും വ്യവസ്ഥയിൽ പറയുന്നു.

ജോലികളിൽ നാട്ടുകാർക്കു മുൻഗണന നൽകുകയെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയത്തിന്റെ അടിസ്ഥാനത്തിലാണു വീസ അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

എച്ച്–1 ബി വീസ എന്നാൽ

വിദഗ്ധ മേഖലയിൽ ജോലിചെയ്യുന്നവർക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയാണ് എച്ച്–1 ബി. അപേക്ഷകനു വിദഗ്ധമേഖലയിൽ ബിരുദം നിർബന്ധം. പ്രതിവർഷം ഒന്നേകാൽ ലക്ഷത്തോളം ഇന്ത്യക്കാർക്ക് ഈ വീസ കിട്ടുന്നുണ്ട്. 2016ൽ 1,26,692 ഇന്ത്യക്കാർക്ക് എച്ച്–1ബി ലഭിച്ചു. തൊട്ടുപിന്നിൽ ചൈന– 21,657 പേർ. എച്ച്–1ബി വീസ ലഭിക്കുന്നതിൽ 68% ഇന്ത്യക്കാരാണ്.