ലക്ഷ്യം തെറ്റി ഉത്തര കൊറിയൻ മിസൈൽ; വീണത് നാട്ടിൽ തന്നെ

ലണ്ടൻ ∙ ഉത്തര കൊറിയ പരീക്ഷണ വിക്ഷേപണം നടത്തിയ മിസൈൽ അവരുടെ തന്നെ അതിർത്തിക്കുള്ളിൽ പതിച്ചതായി യുഎസ്, ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിൽ 28നാണു സംഭവം. മധ്യദൂര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 12 ഉത്തര കൊറിയൻ തലസ്ഥാനമായ പോങ്യാങ്ങിൽനിന്നാണു വിക്ഷേപിച്ചത്. 145 കിലോമീറ്റർ അകലെ ടോക്ചോൻ നഗരത്തിൽ ഇതു പതിച്ചു. രണ്ടുലക്ഷം ജനസംഖ്യയുള്ള നഗരമാണു ടോക്ചോൻ. ഒട്ടേറെ കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായെന്നാണു റിപ്പോർട്ട്. എന്നാൽ ആളപായത്തെക്കുറിച്ചു സൂചനകളില്ല.  

എൻജിൻ തകരാറുമൂലമാണത്രേ മിസൈൽ തകർന്നത്. സാറ്റലൈറ്റ് ദൃശ്യങ്ങളിൽനിന്നാണു മിസൈൽ നഗരത്തിൽ പതിക്കുന്നതു സംബന്ധിച്ച സൂചന കിട്ടിയത്. ഉത്തര കൊറിയ പരീക്ഷിക്കുന്ന മിസൈലുകൾ ജപ്പാനു മുകളിലൂടെ പറന്നു കടലിൽ പതിക്കുകയാണു പതിവ്. വിവിധ ഹ്വാസോങ് മിസൈലുകൾ ഈയിടെ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. വലിയ ദുരന്ത സാധ്യതകളിലേക്കാണു മിസൈൽ തകർച്ച വിരൽ ചൂണ്ടുന്നത്. മിസൈലുകളിൽ ഏതെങ്കിലും ജപ്പാനു മുകളിൽ തകർന്നു വീണാൽ ലോകമാകെ യുദ്ധഭീതിയിലാകാനും മതി.