Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോൾഡൻ ഗ്ലോബ് : പ്രതിഷേധത്തിന്റെ കറുപ്പണിഞ്ഞ് ഹോളിവുഡ് താരങ്ങൾ

Big Little Lies ബിഗ് ലിറ്റിൽ ലൈസിനു ലഭിച്ച ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളുമായി പരമ്പരയിലെ നടിമാരായ ലോറ ഡേൺ, നികോൾ കിഡ്‌മൻ, സോ ക്രേവിറ്റ്സ്, റീസ് വിതർസ്പൂൺ, ഷൈലീൻ വുഡ്‌ലി എന്നിവർ സന്തോഷം പങ്കിട്ടപ്പോൾ.

ലൊസാഞ്ചൽസ്∙ മാറ്റത്തിനു സമയമായെന്ന്, കറുപ്പണിഞ്ഞുകൊണ്ട് ഉറക്കെപ്പറഞ്ഞ് ഗോൾഡൻ ഗ്ലോബ് ടിവി, ചലച്ചിത്ര അവാർഡ് നിശ. അവാർഡ് ചടങ്ങിൽ ഉടനീളം നിറഞ്ഞുനിന്നതു ഹോളിവുഡ് നി‍ർമാതാവ് ഹാർവി വെയ്ൻ‌സ്റ്റെയ്നെതിരെയുള്ള ലൈംഗികാരോപണങ്ങളെ തുടർന്നു രൂപപ്പെട്ട പ്രതിഷേധത്തിന്റെ കരുത്ത്. ഓപ്ര വിൻഫ്രിയും നികോൾ കിഡ്‌മാനും ഫ്രാൻസെസ് മക്‌ഡോർമൻഡും പ്രസംഗിച്ചത് അധികാരത്തിന്റെ പരമ്പരാഗത ചട്ടക്കൂടുകൾ പൊളിച്ചടുക്കുന്ന ധീരമായ നിലപാടുകളുമായി.

Oprah Winfrey ഓപ്ര വിൻഫ്രി.

സമഗ്ര സംഭാവനയ്ക്കുള്ള സെസിൽ ബി ഡെമിൽ പുരസ്കാരം ലഭിക്കുന്ന ആദ്യ കറുത്ത വർഗക്കാരിയായി ലോകപ്രശസ്ത അവതാരക ഓപ്ര വിൻഫ്രി തിളങ്ങി. ലൈംഗിക പീഡനത്തിനെതിരെ ചെറുത്തുനിൽപ്പിന്റെ പുതിയ പ്രക്ഷോഭം തുടങ്ങിവച്ച എല്ലാ നടിമാരെയും അവർ അഭിനന്ദിച്ചു.

ടിവി പരമ്പര ഡ്രാമ വിഭാഗത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റേർലിങ് കെ.ബ്രൗണും ഈ വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യത്തെ കറുത്തവർഗക്കാരനാണ്. എൻബിസിയിലെ ഹിറ്റ് പരമ്പര ദിസ് ഇസ് അസിലെ അഭിനയത്തിനാണു പുരസ്കാരം.

Aziz Ansari അസീസ് അൻസാരി

ദ് മാസ്റ്റർ ഓഫ് നണിലെ മികച്ച പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം തിരിച്ചു പിടിച്ചു താരമായത് ഇന്ത്യൻ വംശജൻ അസീസ് അൻസാരി. രണ്ടുവർഷം മുൻപും അസീസിന് ഇതേ പരമ്പരയുടെ പേരിൽ നാമനിർദേശം ലഭിച്ചിരുന്നെങ്കിലും കപ്പിനും ചുണ്ടിനുമിടയിൽ അന്നതു നഷ്ടപ്പെട്ടതിന്റെ സങ്കടം മാറി.

ചുവപ്പു പരവതാനിയിൽ പ്രതിഷേധക്കറുപ്പ്

ഹോളിവുഡിലെ ലൈംഗിക ചൂഷണത്തിനെതിരെയുള്ള ‘ടൈം ഇസ് അപ്’ കൂട്ടായ്മയുടെ ആഹ്വാനപ്രകാരം ഗോൾഡൻ ഗ്ലോബിലെ റെഡ് കാർപറ്റ് ചടങ്ങിനെത്തിയവരെല്ലാം അണിഞ്ഞതു കറുപ്പുവസ്ത്രങ്ങൾ. മെറിൽ സ്ട്രീപ്, ആൻജലീന ജോളി, കാതെറീൻ സെറ്റ ജോൺസ് തുടങ്ങിയ പ്രശസ്ത നടിമാർ, പ്രതിഷേധത്തിന്റെ കറുത്തയുടുപ്പിട്ടു ചുവപ്പു പരവതാനിയിൽ മനക്കരുത്തിന്റെയും സൗന്ദര്യമായി.

Gary Oldman ഗാരി ഓൾഡ്‌മാൻ

മറ്റു പുരസ്കാരങ്ങൾ

∙ ഗാരി ഓൾഡ്‌മാൻ മികച്ച നടൻ. ഡാർക്കസ്റ്റ് അവർ എന്ന ചിത്രത്തിലെ വിൻസ്റ്റൻ ചർച്ചിൽ വേഷത്തിന്.

Frances McDormand ഫ്രാൻസെസ് മക്‌ഡോർമൻഡ്

∙ ഫ്രാൻസെസ് മക്‌ഡോർമൻഡ് മികച്ച നടി. ത്രീ ബിൽബോർഡ്സ് ഔട്സൈഡ് എബ്ബിങ്, മിസോറി എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിന്. ഫാർഗോ എന്ന ചിത്രത്തിലഭിനയിച്ച് മികച്ച നടിക്കുള്ള ഓസ്കർ നേടിയിരുന്നു.

Allison Janney അലിസൻ ജാനി

∙ അലിസൻ ജാനി സഹനടി. ഐ ടോന്യ എന്ന ചിത്രത്തിലെ അമ്മവേഷത്തിന്.

∙ സോർസെ റൊനാൻ മ്യൂസിക്കൽ, കോമഡി വിഭാഗം മികച്ച നടി; ലേഡി ബേഡിലെ അഭിനയത്തിന്.

∙ ജെയിംസ് ഫ്രാങ്കോ ദ് ഡിസാസ്റ്റർ ആക്ടറിലെ അഭിനയത്തിന് കോമഡി, മ്യൂസിക്കൽ വിഭാഗം മികച്ച നടൻ.

Guillermo del Toro ഗിലേമോ ഡെൽടൊറോ

∙ ഗിലേമോ ഡെൽടൊറോ മികച്ച സംവിധായകൻ, ദ് ഷേപ് ഓഫ് വാട്ടർ.

Sam Rockwell സാം റോക്‌വെൽ

∙ സാം റോക്‌വെൽ ത്രീ ബിൽബോർഡ്സിലെ അഭിനയത്തിനു മികച്ച സഹനടൻ.

മികച്ച ചലച്ചിത്രം: ത്രീ ബിൽബോർഡ്സ് ഔട്സൈഡ് എബ്ബിങ്, മിസോറി.

മികച്ച പരമ്പര (കോമഡി, മ്യൂസിക്കൽ): ലേഡി ബേഡ്.

അനിമേഷൻ ചിത്രം: കോകൊ.

വിദേശചിത്രം: ഇൻ ദ് ഫേഡ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.