സൈനിക ചർച്ച പുനരാരംഭിക്കാൻ കൊറിയകൾ തമ്മിൽ ധാരണ

സോൾ ∙ കൊറിയൻ ഉപഭൂഖണ്ഡത്തിലെ സൈനിക സംഘർഷത്തിന് അയവുവരുത്തി ഇരു കൊറിയകളും തമ്മിൽ സൈനിക ചർച്ചകൾ പുനരാരംഭിക്കാൻ ധാരണയായി. രണ്ടുവർഷത്തിനു ശേഷം ഉത്തര–ദക്ഷിണ കൊറിയയുടെ പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചയിലാണു നിർണായക തീരുമാനമെടുത്തത്. ദക്ഷിണ കൊറിയയിൽ അടുത്തമാസം നടക്കുന്ന ശീതകാല ഒളിംപിക്സിന് ഉത്തര കൊറിയൻ സംഘത്തെ അയയ്ക്കും. എന്നാൽ, മേഖല അണ്വായുധ മുക്തമാക്കണമെന്ന ദക്ഷിണ കൊറിയയുടെ നിർദേശം ഉത്തര കൊറിയ നിരാകരിച്ചു. 

ഒളിംപിക്സിനു സംഘത്തെ അയയ്ക്കാമെന്ന ഉത്തര കൊറിയയിലെ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ പ്രഖ്യാപനമാണു ചർച്ചകൾക്കു വഴിതുറന്നത്. കിം ജോങ് ഉന്നിന്റെ നീക്കം ദക്ഷിണ കൊറിയയെയും യുഎസിനെയും തമ്മിൽ തെറ്റിക്കാനും രാജ്യാന്ത ഉപരോധത്തിന്റെ ശക്തി കുറയ്ക്കാനുമുള്ള രാഷ്ട്രീയ തന്ത്രമായി വ്യാഖ്യാനിക്കപ്പെടുന്നു. 

ചർച്ചകളോട് അനുകൂലമായി പ്രതികരിച്ച ദക്ഷിണ കൊറിയ, ശീതകാല ഒളിംപിക്സിനു വലിയ സംഘത്തെ തന്നെ അയക്കാൻ ഉത്തര കൊറിയയോട് അഭ്യർഥിച്ചു. കായിക താരങ്ങൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കും പുറമേ ‘ചിയറിങ് സ്ക്വാഡും’ ഉത്തര കൊറിയൻ സംഘത്തിലുണ്ടാകും. ഫെബ്രുവരി ഒൻപതു മുതൽ 25 വരെ പ്യോങ്ചാങ്ങിലാണ് ഒളിംപിക്സ്. രണ്ട് ഉത്തര കൊറിയൻ താരങ്ങൾ ഫിഗർ സ്ക്വേറ്റിങ്ങിൽ ഒളിംപിക്സ് യോഗ്യത നേടിയിട്ടുണ്ട്. 

ഇരു രാജ്യങ്ങൾക്കും മധ്യേയുള്ള സൈനിക മുക്ത മേഖലയായ പാൻമുൻജോമിലായിരുന്നു ചർച്ചകൾ. ഇരുകൂട്ടരും സൈനിക ഹോട്ട്‌ലൈൻ ബന്ധം കഴിഞ്ഞയാഴ്ച പുനഃസ്ഥാപിച്ചിരുന്നു.