കലിഫോർണിയയിലെ വീട്ടിൽ ചങ്ങലയ്ക്കിട്ട് 13 കുട്ടികൾ

ലുയീസ്, ഡേവിഡ്

സാൻഫ്രാൻസിസ്കോ ∙ പൊലീസിനെ കണ്ടപ്പോൾ അവർ ആർത്തിയോടെ കൈനീട്ടി. മെലിഞ്ഞുണങ്ങി, വിളറി വെളുത്ത് 13 പട്ടിണിക്കോലങ്ങൾ കട്ടിലിനോടു ചേർത്തു ചങ്ങലയിട്ടു പൂട്ടിയ നിലയിൽ ആ വൃത്തികെട്ട മുറിയിൽ കഴിഞ്ഞിരുന്ന വിവരം അടുത്ത അയൽക്കാർപോലും അറിഞ്ഞില്ല. കലിഫോർണിയയിലെ പെരിസിലുള്ള വീട്ടിൽ തടവിൽ കഴിഞ്ഞിരുന്ന രണ്ടുമുതൽ 29 വയസ്സു വരെയുള്ള സഹോദരങ്ങളിലെ പതിനേഴുകാരിയാണ് എങ്ങനെയോ രക്ഷപ്പെട്ട് പൊലീസിനെ ഫോണിൽ വിളിച്ചത്. ഇവരുടെ മാതാപിതാക്കളായ ലുയീസ് ടെർപിനെയും ഡേവിഡ് ടെർപിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ കടക്കെണിയിലാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

1,40,000 ഡോളർ വാർഷിക വരുമാനമുള്ള എൻജിനീയറായിരുന്ന ഡേവിഡിന് ഇപ്പോൾ ജോലിയില്ല. ലുയീസ് വീട്ടമ്മയും. അഞ്ചു ലക്ഷം ഡോളർ കടമുണ്ട്. ഫോണിൽ വിളിച്ച പതിനേഴുകാരി പെൺകുട്ടിയെ നേരിൽ കണ്ടപ്പോൾ പട്ടിണിപ്പരുവത്തിൽ പത്തുവയസ്സുപോലും തോന്നിച്ചില്ലെന്നാണു പൊലീസ് പിന്നീടു പറഞ്ഞത്. ദമ്പതികളെ നിർധനാപേക്ഷ നൽകാൻ സഹായിച്ച അഭിഭാഷകൻ ഐവാൻ ട്രഹാന് ഈ കുടുംബത്തെ അറിയാമെങ്കിലും കുട്ടികളെ ഒരിക്കൽപോലും നേരിട്ടു കണ്ടിട്ടുണ്ടായിരുന്നില്ല. സംശയമൊന്നും തോന്നിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. രണ്ടുവർഷം മുൻപുവരെ പാർട്ടികളിലും മറ്റും പങ്കെടുത്തിരുന്ന സന്തുഷ്ട കുടുംബമായിരുന്നു ഇവരുടേതെന്നു പരിചയക്കാർ പറയുന്നു.

തടവിലെ പീഡനം മുൻപും...

മൂന്നു കൊച്ചു പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്ന് ക്ലീവ്‌ലൻഡിലെ വീട്ടിൽ പാർപ്പിച്ചു പത്തുവർഷത്തോളം പീഡിപ്പിച്ച ഏരിയൽ കാസ്ട്രോയുടെ ഓർമയുണർത്തുന്ന സംഭവമാണു കലിഫോർണിയയിലേത്. ഇതിലൊരു പെൺകുട്ടി 2013ൽ രക്ഷപ്പെട്ടതാണു വഴിത്തിരിവായത്. കലിഫോർണിയയിൽത്തന്നെ ഫിലിപ് ഗരിഡോയെന്നയാൾ 18 വർഷം ജെയ്സി എന്ന പെൺകുട്ടിയെ പീഡിപ്പിച്ച സംഭവവുമുണ്ട്. 2009ൽ ഈ പെൺകുട്ടിയും തടവിൽനിന്നു രക്ഷപ്പെട്ടു. ഓസ്ട്രിയയിൽ 24 വർഷം പിതാവു തടവിലിട്ടു പീഡിപ്പിച്ച എലിസബത്ത് ഫ്രിറ്റ്സൽ എന്ന യുവതിയുടെ വെളിപ്പെടുത്തലുകളും ലോകത്തെ ഞെട്ടിച്ചു. എട്ടുവർഷം നിരന്തരം പീഡിപ്പിക്കപ്പെട്ട നടാഷ കാംപുഷിന്റേതും സമാനമായ ദുരന്തകഥ.