ബഹിരാകാശവാഹനം യൂണിറ്റിയുടെ ഏഴാം പരീക്ഷണപ്പറക്കൽ വിജയം

ന്യൂയോർക്ക്∙ ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ടു വികസിപ്പിച്ച വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വാഹനം ഏഴാമത്തെ ഗ്ലൈഡർ പരീക്ഷണപ്പറക്കൽ നടത്തി. കലിഫോർണിയയിൽ നടത്തിയ പറക്കലിൽ മണിക്കൂറിൽ 1110 കിലോമീറ്റർ വേഗം കൈവരിച്ചു. എൻജിനിൽ നിന്ന് ഊർജം സ്വീകരിക്കാതെ എത്ര വേഗം കൈവരിക്കാമെന്ന് അറിയാ‍ൻ നടത്തുന്ന പരീക്ഷണപ്പറക്കലാണ് ഗ്ലൈഡർ ടെസ്റ്റ്. മാതൃപേടകത്തിൽ ഉയരത്തിലെത്തിച്ചതിനു ശേഷം വാഹനത്തെ പുറന്തള്ളുകയും വാഹനം ഒരു ഗ്ലൈഡർ പറക്കുന്ന രീതിയിൽ വേഗം കൈവരിക്കുന്നതുമാണ് ഇതിന്റെ പ്രവർത്തന രീതി. വിഎംഎസ് ഈവ് എന്ന മാതൃപേടകത്തിൽ ഉയരത്തിലെത്തിച്ചതിനു ശേഷമാണു യൂണിറ്റിയുടെ ഗ്ലൈഡിങ് പരീക്ഷണം നടത്തിയത്. ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസണിന്റെ ഉടമസ്ഥതതയിലുള്ള വിർജിൻ ഗലാറ്റിക് കമ്പനിയുടേതാണു വിഎസ്എസ് യൂണിറ്റി.

ബഹിരാകാശ ടൂറിസം

ബഹിരാകാശത്തേക്കു സഞ്ചാരികളെ കൊണ്ടുപോകുക, അതു വഴി പണം സമ്പാദിക്കുക... ബഹിരാകാശ ടൂറിസം ലക്ഷ്യമിടുന്നത് ഇതാണ്. വിർജിൻ ഗലാറ്റിക്, ബ്ലൂ ഒറിജിൻ‌, സ്പേസ് എക്സ് എന്നീ കമ്പനികൾ ഈ രംഗത്തുണ്ട്. ഈ വർഷം ബഹിരാകാശത്തേക്കു സഞ്ചാരികളെ കൊണ്ടുപോകാനായിരുന്നു വിർജിൻ ഗലാറ്റിക്കിന്റെ പദ്ധതി. എഴുനൂറിലധികം ധനികർ ഇതിനായി സീറ്റ് ബുക്ക് ചെ‌യ്തിട്ടുണ്ട്. ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റ്, കാത്തി പെറി എന്നിവർ ഇതിൽ ഉൾപ്പെടും. രണ്ടരലക്ഷം യുഎസ് ഡോളറാണ് (ഒന്നരക്കോടിയിലധികം രൂപ) ഒരു ടിക്കറ്റിന്റെ വില.