ഇന്ത്യയിൽനിന്നുള്ള ഉരുക്കിനും നൂലിനും യുഎസിൽ പിഴ

വാഷിങ്ടൻ ∙ ഇന്ത്യയിലെയും ചൈനയിലെയും സ്ഥാപനങ്ങൾ കയറ്റുമതിക്കുള്ള പ്രത്യേക ഇളവുകൾ നേടിയശേഷം അയച്ച ഉരുക്കിനും പോളിസ്‌റ്റർ നൂലിനും യുഎസ് പിഴ ചുമത്തി. യുഎസിലെ ഏതാനും സ്ഥാപനങ്ങൾ നൽകിയ പരാതിയെത്തുടർന്നാണു നടപടി. ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്ത 96 കോടി രൂപ വിലവരുന്ന പോളിസ്റ്റർ നൂലിനും 208 കോടിയുടെ സ്റ്റെയിൻലെസ് സ്റ്റീൽ പാളികൾക്കും ഉൽപാദകരാജ്യം സബ്സിഡി നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

‘വിദേശരാജ്യങ്ങളിൽനിന്നുള്ള വ്യവസ്ഥകൾക്കു വിരുദ്ധമായ ഇറക്കുമതികൊണ്ടു നമ്മുടെ വ്യവസായങ്ങൾ നഷ്ടത്തിലാകുന്നതു കണ്ടുകൊണ്ടിരിക്കുകയില്ല. യുഎസിലെ വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കാനും അന്യായമായ ഇറക്കുമതിയെ പ്രതിരോധിക്കാനും നടപടി സ്വീകരിക്കും’– വാണിജ്യ സെക്രട്ടറി വിൽബർ റോസ് പറഞ്ഞു.