ബ്രെക്‌സിറ്റ് ബില്ലിന് ബ്രിട്ടിഷ് പാർലമെന്റിന്റെ അംഗീകാരം; പ്രഭുസഭയുടെ അംഗീകാരം അടുത്ത കടമ്പ

ലണ്ടൻ∙ യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോരാനുളള ബ്രെക്‌സിറ്റ് ബില്ലിനു ബ്രിട്ടിഷ് ജനപ്രതിനിധിസഭ അനുമതി നൽകി. ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ 29 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ബിൽ പാസാക്കിയത്. ഇനി പ്രഭുസഭയുടെ അംഗീകാരം കൂടി നേടണം. പ്രധാനമന്ത്രി തെരേസ മേയുടെ കൺസർവേറ്റീവ് പാർട്ടിക്കു ഭൂരിപക്ഷമില്ലാത്ത പ്രഭുസഭയ്ക്കു മുൻപാകെ ഈ മാസം 30 നാണു ബിൽ എത്തുക.

യൂറോപ്യൻ യൂണിയന് അനുകൂലമായ നിലപാടുള്ള പ്രഭുസഭ ബില്ലിൽ കൂടുതൽ മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടേക്കും. അടുത്ത വർഷം മാർച്ചോടെ യൂറോപ്യൻ യൂണിയനിൽ നിന്നു പിന്മാറാൻ ബ്രിട്ടനെ സജ്ജമാക്കുന്നതിനുള്ള നിയമനിർമാണത്തിനു തെരേസ മേയുടെ സർക്കാർ കടക്കേണ്ട വിവിധ കടമ്പകളിലൊന്നാണ് ഇപ്പോഴത്തെ ബിൽ. കൺസർവേറ്റീവ് പാർട്ടിയിലെ 11 അംഗങ്ങൾ ബിൽ ഭേദഗതികൾക്കായി പ്രതിപക്ഷത്തിനൊപ്പം ചേർന്നിരുന്നു. സ്കോട്ടിഷ് നാഷനൽ പാർട്ടിയാണു ബില്ലിനെ ശക്തമായി എതിർക്കുന്ന മറ്റൊരു കക്ഷി. എംപിമാർ അഞ്ഞൂറിലേറെ ഭേദഗതികളാണു പാർലമെന്റിൽ അവതരിപ്പിച്ചത്. കരടുബിൽ പാസാക്കിയത് 295 നെതിരെ 324 വോട്ടുകൾക്കാണ്.