യുഎൻ ഉപരോധ സംഘം പാക്കിസ്ഥാനിലേക്ക്

ഇസ്‌ലാമാബാദ്∙ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഹാഫീസ് സയീദിനെതിരെ കർശന നടപടി സ്വീകരിക്കുന്നതിനു പാക്കിസ്ഥാന്റെ മേൽ രാജ്യാന്തര സമ്മർദം ശക്തമാകുന്നതിനിടെ, ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഉപരോധ മേൽനോട്ട സമിതി ഈ മാസം 25, 26 തീയതികളിൽ പാക്കിസ്ഥാൻ സന്ദർശിക്കും.

ഇതു സാധാരണ സന്ദർശനം മാത്രമാണെന്നു പാക്കിസ്ഥാൻ അറിയിച്ചുവെങ്കിലും യുഎൻ പ്രമേയം അനുസരിച്ചു സയീദിനെതിരെ സ്വീകരിച്ച നടപടികൾ ഉപരോധ സമിതി പരിശോധിച്ചേക്കുമെന്നു ‘ഡോൺ’ റിപ്പോർട്ട് ചെയ്തു. സയീദിന്റെയും പട്ടികയിൽപെട്ട മറ്റു ഭീകരരുടെയും സ്വത്തുക്കൾ മരവിപ്പിക്കാനുള്ള സാധ്യത, അവരുടെ യാത്രകൾ തുടങ്ങിയവ സംഘം നിരീക്ഷിച്ചേക്കും.

ഹാഫീസ് സയീദിനെതിരെ നടപടി വേണമെന്നു യുഎസും ഇന്ത്യയും നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. എന്നാൽ ‘ഹാഫീസ് സാബ് ’കുറ്റവാളിയല്ലെന്നു പാക്ക് പ്രധാനമന്ത്രി ഷഹീദ് കഖാൻ അബ്ബാസി ഈയിടെ പ്രഖ്യാപിച്ചിരുന്നു. പാക്കിസ്ഥാനിൽ അദ്ദേഹത്തിനെതിരെ കേസില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം.