ശൈത്യകാല ഒളിംപിക്സ്: ഉത്തര കൊറിയൻ സംഘം ഇന്നു പുറപ്പെടും

സോൾ∙ ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങിൽ ഈ മാസം ഒൻപതിന് ആരംഭിക്കുന്ന ശൈത്യകാല ഒളിംപിക്സിൽ പങ്കെടുക്കുന്ന ഉത്തര കൊറിയയുടെ ഐസ് സ്കേറ്റിങ്, സ്കീയിങ് ടീമുകൾ ഇന്നു പുറപ്പെടും. 10 അംഗ ടീം ഏഷ്യാന എയർലൈൻസ് വിമാനം ചാർട്ടർ ചെയ്തു നേരെ ദക്ഷിണ കൊറിയയിലേക്കു പറക്കും. ഇരുകൊറിയകളും ഒരുമിച്ച് ഐക്യ കൊറിയ പതാകയ്ക്കു കീഴിൽ മാർച്ച് പാസ്റ്റിൽ പങ്കെടുക്കാൻ നേരത്തേ ധാരണയായിരുന്നു.

ഉത്തര കൊറിയയിൽ നിന്നുള്ള 140 അംഗ ഗായകസംഘം മേളയ്ക്കു കൊഴുപ്പേകും. സംഘം സോളിലും ഓർക്കസ്ട്ര അവതരിപ്പിക്കും. അതിർത്തിയിലെ ‘സമാധാന ഗ്രാമ’മായ പാൻമുൻജങ്ങിൽ നടന്ന ചർച്ചയിലാണ് ഓർക്കസ്ട്രയുടെ കാര്യത്തിൽ തീരുമാനമായത്. ഓർക്കസ്ട്ര ട്രൂപ്പ് റോഡുമാർഗം അതിർത്തി കടക്കാനാണു സാധ്യത. ആണവ, മിസൈൽ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്ന ഉത്തര കൊറിയയ്ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയുടെയും യുഎസ് അടക്കം ലോകരാജ്യങ്ങളുടെയും വിലക്കുകൾ നിലനിൽക്കുന്നതിനിടെയാണു ശൈത്യകാല ഒളിംപിക്സിൽ സമാധാനാന്തരീക്ഷം രൂപപ്പെടുന്നത്.