കൈക്കൂലി കേസ്: സാംസങ് മേധാവിയെ ഹൈക്കോടതി മോചിപ്പിച്ചു

സോൾ∙ കൈക്കൂലി കേസിൽ ആഗോള വ്യവസായ സ്ഥാപനമായ സാംസങ്ങിന്റെ മേധാവി ലീ ജയ്–യോങ്ങിന് (ജയ് വൈ ലീ–49) അ‍ഞ്ചു വർഷം തടവു വിധിച്ച വിചാരണക്കോടതിയുടെ തീരുമാനം ഭാഗികമായി ശരിവച്ച ദക്ഷിണ കൊറിയയിലെ ഹൈക്കോടതി, അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാൻ ഉത്തരവിട്ടു.

പല വകുപ്പുകളിലായി കീഴ്ക്കോടതി വിധിച്ച ശിക്ഷയിൽ ചിലതു റദ്ദാക്കിയ ശേഷം വിവേചനാധികാരം ഉപയോഗിച്ചാണു ഹൈക്കോടതി യോങ്ങിനെ സ്വതന്ത്രനാക്കിയത്. അഴിമതിക്കേസിൽ ലീയോടൊപ്പം ശിക്ഷിക്കപ്പെട്ട സാംസങ് ഇലക്ട്രോണിക്സിന്റെ നാല് എക്സിക്യൂട്ടീവുകളുടെയും ശിക്ഷ ഇളവു ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ സുപ്രീംകോടതിയെ സമീപിച്ചേക്കും.

ഇതേസമയം, ലീയും സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സൂചിപ്പിച്ചു. ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയെ (64) ഇംപീച്ച് ചെയ്യുന്നതിലേക്കു നയിച്ച അഴിമതിയിലാണു ലീയെ കോടതി സ്വതന്ത്രനാക്കിയത്.

ഹൈയുടെ സുഹൃത്ത് ചോയ് സൂ സില്ലിന്റെ സന്നദ്ധ സംഘടനയ്ക്കു വൻതുക സംഭാവന നൽകിയതാണ് വിവാദമായ കേസ്. ലീ 3.77 കോടി ഡോളർ (ഏതാണ്ട് 245 കോടി രൂപ) സംഭാവന നൽകിയതു ഭരണത്തിൽ നിന്ന് അവിഹിതമായി പലതും നേടാൻ വേണ്ടിയാണ് എന്നായിരുന്നു ആരോപണം. കഴിഞ്ഞ ഓഗസ്റ്റിലാണു വിചാരണക്കോടതി ശിക്ഷ വിധിച്ചത്.

സാംസങ് സ്ഥാപകന്റെ ചെറുമകനും സാംസങ് ഇലക്ട്രോണിക്സിന്റെ വൈസ് ചെയർമാനുമാണു യോങ്. പിതാവ് ലീ കുൻ ഹീ ഹൃദ്രോഗത്തെ തുടർന്ന് 2014 ൽ വിരമിച്ചു.