വാദത്തിനു ബലം കൂട്ടാൻ പാക്കിസ്ഥാൻ; കുൽഭൂഷന്റെ പേരിൽ കൂടുതൽ കേസുകൾ

ഇസ്‌ലാമാബാദ്∙ ചാരൻ എന്നാരോപിച്ചു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്ക് ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന്റെ പേരിൽ ഭീകരപ്രവർത്തനവും അട്ടിമറിയും ഉൾപ്പെടെയുള്ള കുറ്റങ്ങൾ കൂടി ചുമത്തുമെന്നു സൂചന. കുൽഭൂഷണു വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ച സാഹചര്യത്തിൽ, വാദങ്ങൾക്കു ബലമേകാനാണ് ഈ നീക്കമെന്നു കരുതുന്നു.

ഇന്ത്യക്കുവേണ്ടി ചാരവൃത്തി നടത്തിയെന്നതു കൂടാതെ ഭീകരാക്രമണം, അട്ടിമറി തുടങ്ങി ഒട്ടേറെ കുറ്റങ്ങൾ കുൽഭൂഷന്റെ പേരിലുണ്ടെന്നു പാക്ക് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഡോൺ പത്രം റിപ്പോർട്ടു ചെയ്തിരുന്നു. ഇതിൽ ചാരക്കേസിൽ മാത്രമാണു തീരുമാനം ആയിട്ടുള്ളതെന്നും മറ്റുള്ളവയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസന്വേഷണത്തിൽ ഇന്ത്യ സഹകരിക്കുന്നില്ലെന്നും ആരോപിച്ചു.