സമാധാനരേഖ തെളിയുന്നു; കിമ്മിന്റെ സഹോദരി ദക്ഷിണ കൊറിയയിലേക്ക്

കിം യോ ജോങ് സഹോദരൻ കിം ജോങ് ഉaന്നിനൊപ്പം (ഫയൽചിത്രം)

സോൾ ∙ ദക്ഷിണ കൊറിയയിൽ ശൈത്യകാല ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് (30). കൊറിയൻ യുദ്ധത്തിനുശേഷം ഇതാദ്യമാണു കിം കുടുംബാംഗം ദക്ഷിണ കൊറിയ സന്ദർശിക്കുന്നത്.

ഉത്തര കൊറിയയുടെ രാജ്യത്തലവൻ എന്നു സ്ഥാനപ്പേരുള്ള കിം യോങ് നാം, കായികോപദേശക സമിതി അധ്യക്ഷൻ കോ ഹ്വി, ഉഭയകക്ഷി ചർച്ചയ്ക്കു ചുക്കാൻപിടിക്കുന്ന റി സൺ ഗ്വോൻ എന്നിവരും ഉത്തര കൊറിയൻ സംഘത്തിലുണ്ട്. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയിൽ ഉന്നതപദവി വഹിക്കുന്ന ജോങ്ങിന്റെ സന്ദർശനത്തെ ദക്ഷിണ കൊറിയ ശുഭസൂചനയായാണു കാണുന്നത്.

എന്നാൽ ജോങ്ങിന്റെ സന്ദർശനം യുഎസിന് അതൃപ്തിയുണ്ടാക്കിയേക്കും. യുഎസിന്റെ കരിമ്പട്ടികയിലുള്ള വ്യക്തിയാണു കിം യോ ജോങ്. ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസും പങ്കെടുക്കുന്നുണ്ട്. ഇന്നലെ ടോക്കിയോയിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി കൂടിക്കാഴ്ച നടത്തിയശേഷം പെൻസ് പറഞ്ഞത്, ഉത്തര കൊറിയയ്ക്കു മേൽ കനത്ത ഉപരോധങ്ങൾ വരുന്നുവെന്നാണ്. ഉത്തര കൊറിയക്കാരുമായി വേദി പങ്കിടാൻ പെൻസിനു താൽപര്യമുണ്ടാകില്ലെന്നാണു സൂചനകൾ.

ഉത്തര കൊറിയയുടെ അധികാര ശ്രേണിയിൽ അണിയറയിൽ നിന്നിരുന്ന ജോങ്ങിനെ, കഴിഞ്ഞ ഒക്ടോബറിൽ പാർട്ടി പൊളിറ്റ്ബ്യൂറോ അംഗമാക്കി. സമീപകാലത്തായി പല ഔദ്യോഗിക ചടങ്ങുകളിലും സഹോദരനൊപ്പം മുൻനിരയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനിടെ, ഒളിംപിക്സിന് ആവേശം പകരാനായി ഉത്തര കൊറിയയിൽനിന്ന് 280 പേരടങ്ങുന്ന ആഘോഷസംഘം ദക്ഷിണ കൊറിയയിലെത്തി. 229 കലാകാരന്മാരും 26 തയ്ക്വാൻഡോ താരങ്ങളും 21 മാധ്യമപ്രവർത്തകരും നാല് ഒളിംപിക് കമ്മിറ്റി അംഗങ്ങളുമാണു സംഘത്തിലുള്ളത്.

കിം യോ ജോങ്

കിം ജോങ് ഉൻ കഴിഞ്ഞാൽ ഉത്തരകൊറിയയിൽ ശക്തമായ അധികാരകേന്ദ്രം. പാർട്ടിയിലും ഉന്നതപദവി. മുൻഭരണാധികാരി കിം ജോങ് ഇല്ലിന്റെ അ‍ഞ്ചു മക്കളിൽ ഇളയവൾ. ഇദ്ദേഹത്തിന്റെ മൂന്നാം ഭാര്യ കോ യോങ് ഹിയിലുള്ള മൂന്നു മക്കളാണു കിം ജോങ് ചോളും കിം ജോങ് ഉന്നും സഹോദരി കിം യോ ജോങ്ങും.

ആദ്യഭാര്യയിൽ പിറന്ന കിം ജോങ് നാം, രണ്ടാം ഭാര്യയിലെ മകൾ കിം സോൾ സോങ് എന്നിവരാണ് മറ്റു മക്കൾ. കിം ജോങ് നാം കഴിഞ്ഞവർഷം കൊല്ലപ്പെട്ടു. ഉന്നിന് ഏറ്റവും ആത്മബന്ധം ജോങ്ങിനോടാണ്. സ്വിറ്റ്സർലൻഡിലെ വിദ്യാഭ്യാസകാലത്തെ ഏകാന്തജീവിതത്തിൽ ഉന്നിനു കൂട്ടായിരുന്നതും ഇവരാണ്. പാർട്ടി സെൻട്രൽ കമ്മിറ്റിയുടെ ഡിപ്പാർട്‌മെന്റൽ വൈസ് ഡയറക്‌ടറായിട്ടായിരുന്നു പ്രവർത്തനം തുടങ്ങിയത്.