Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊറിയൻ നിരായുധീകരണത്തിന് സിംഗപ്പൂർ ഉച്ചകോടിയിൽ ധാരണ

trump-kim-singapore ശാന്തിയുടെ ഇളംകാറ്റ്: സെന്റോസയിലെ കാപെല്ല ആഡംബര ഹോട്ടൽ വളപ്പിലൂടെ ഉച്ചഭക്ഷണത്തിനു ശേഷം നടക്കുന്ന ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും. ചിത്രം: എപി

ചരിത്രത്തെ സാക്ഷിനിർത്തി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭരണത്തലവൻ കിം ജോങ് ഉന്നും സിംഗപ്പൂരിൽ കൂടിക്കണ്ടു, സംസാരിച്ചു, സമാധാനത്തിലേക്കുള്ള വഴി തുറന്നിട്ടു.   

ഉത്തരകൊറിയയുടെ സമ്പൂർണ ആണവ നിരായുധീകരണം യാഥാർഥ്യമാക്കുമെന്ന് കിം ജോങ് ഉൻ ഉറപ്പു നൽകി. പകരം, ഉത്തരകൊറിയയുടെ സുരക്ഷ യുഎസ് ഉറപ്പാക്കും. ഇത് എങ്ങനെയാണെന്നു വ്യക്തമാക്കിയിട്ടില്ല. 

കൊറിയൻ ഉപദ്വീപിൽ, ദക്ഷിണ കൊറിയയുമൊത്തുള്ള സംയുക്ത സൈനികാഭ്യാസം നിർത്തിവയ്ക്കുമെന്നു ട്രംപ് അറിയിച്ചു. ഉത്തരകൊറിയയുടെ  പ്രധാന ആവശ്യമായിരുന്നു ഇത്. ദക്ഷിണകൊറിയയിലെ യുഎസ് സൈനിക സാന്നിധ്യം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെങ്കിലും ഇപ്പോഴത്തെ ധാരണയിൽ അതില്ലെന്നും ഭാവിയിൽ ഉണ്ടായേക്കുമെന്നും ട്രംപ് പറഞ്ഞു. 

ഇതേസയമം, ആണവപരീക്ഷണങ്ങൾ നടത്തിയതിന്റെ പേരിൽ ഉത്തരകൊറിയയ്ക്കെതിരെ നിലവിലുള്ള രാജ്യാന്തര സാമ്പത്തിക ഉപരോധം തുടരും. ആണവനിരായുധീകരണ നടപടികൾ പുരോഗമിക്കുന്ന മുറയ്ക്കേ ഇതിൽ അയവുവരുത്തൂ. 

1950– 53 ലെ കൊറിയൻ യുദ്ധത്തിൽ തടവിലാക്കപ്പെട്ടവരെയും യുദ്ധത്തിനിടെ കാണാതായവരെയും കണ്ടെത്താനും പുനരധിവസിപ്പിക്കാനും നടപടികളുണ്ടാകും. 

കൈകൊടുത്ത് തുടക്കം; ഒരുമിച്ച് ഉച്ചയൂണ്  

സിംഗപ്പൂരിലെ വിനോദസഞ്ചാര ദ്വീപായ സെന്റോസയിലെ കാപെല്ല ആഡംബര ഹോട്ടലിൽ ഇന്നലെ രാവിലെ ഇന്ത്യൻ സമയം ആറരയ്ക്കായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. പ്രായത്തിൽ താഴെയുള്ളവർ മുതിർന്നവർക്കു മുൻപേ എത്തണമെന്ന കൊറിയൻ ഉപചാരപ്രകാരം ട്രംപ് എത്തുന്നതിന് ഏഴുമിനിറ്റ് മുൻപു കിം ഹോട്ടലിൽ എത്തി. 

ഹോട്ടൽ ലോബിയിൽ ഇരുവരും ഹസ്തദാനം ചെയ്തത് അപൂർവനിമിഷമായി; യുഎസിന്റെയും ഉത്തരകൊറിയയുടെയും ഭരണാധികാരികളുടെ ചരിത്രത്തിലെ ആദ്യത്തെ കൂടിക്കാഴ്ച. 

‍ചർച്ച മഹാവിജയമായിത്തീരുമെന്നു ട്രംപും, പല തടസ്സങ്ങൾ തരണംചെയ്തു ഞങ്ങൾ ഇവിടെയെത്തിയിരിക്കുന്നുവെന്നു കിമ്മും പറഞ്ഞു. തുടർന്നു പ്രാരംഭ ചർച്ചയ്ക്കായി ഇരുവരും പോയി. ട്രംപും കിമ്മും പരിഭാഷകരും മാത്രമാണ് ഈ ഘട്ടത്തിലുണ്ടായിരുന്നത്. 45 മിനിറ്റിനു ശേഷം ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങളും ഒപ്പം ചേർന്നു. ഇതിനുശേഷം നേതാക്കൾ ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചു.