ദക്ഷിണ കൊറിയയെ ചർച്ചയ്ക്ക് ക്ഷണിച്ച് കിം ജോങ് ഉൻ

ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിനൊപ്പം ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ. സോളിലെ പ്രസിഡന്റ്ിന്റെ വസതിയിൽ നിന്നുള്ള ദൃശ്യം.

സോൾ∙ കമ്യൂണിസ്റ്റ് രാഷ്ട്രമായ ഉത്തര കൊറിയയുടെ ആണവ മിസൈൽ പരീക്ഷണവും ലോകരാഷ്ട്രങ്ങളുടെ എതിർപ്പും യുദ്ധഭീതി ഉയർത്തിയ പശ്ചാത്തലത്തിൽ, ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂൺ ജെ ഇന്നിനെ ചർച്ചകൾക്കായി പ്യോങ്യാങ്ങിലേക്കു ക്ഷണിച്ചു. പത്തു വർഷത്തിനുശേഷം കൊറിയയുടെ നേതാക്കൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയ്ക്ക് ഇതോടെ സാധ്യത തെളിഞ്ഞു.

വെള്ളിയാഴ്ച ആരംഭിച്ച ശീതകാല ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങാണു ക്ഷണം മൂണിനു കൈമാറിയത്. വെള്ളിയാഴ്ച പ്രസിഡന്റിന്റെ കൊട്ടാരത്തിൽ മൂൺ, ജോങ്ങിനും സംഘത്തിനും വിരുന്നൊരുക്കിയിരുന്നു. ‘എത്രയും നേരത്തേ കൂടിക്കാഴ്ച’ ഉണ്ടാകണമെന്നാണ് ഉൻ ആഗ്രഹിക്കുന്നത്. ‘നമുക്ക് അതിനുള്ള സാഹചര്യമൊരുക്കാം’ എന്നായിരുന്നു മൂണിന്റെ പ്രതികരണം. ക്ഷണം മൂൺ സ്വീകരിച്ചതായി പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.

എന്നാൽ കടുത്ത ഉപരോധങ്ങളിലൂടെയും ഭീഷണികളിലൂടെയും യുഎസ് ഉത്തര കൊറിയയ്ക്കുമേൽ സമ്മർദം ചെലുത്തിവരുന്നതിനിടെ, ഉഭയകക്ഷി ചർച്ചകൾ യുഎസ് സ്വാഗതം ചെയ്യാനിടയില്ല. ഉത്തര കൊറിയയുമായി സമാധാന ചർച്ചയ്ക്കില്ലെന്നാണു ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ട്രംപ് തുടരുന്ന തീവ്ര സമ്മർദതന്ത്രങ്ങൾക്കു ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂണിന്റെ പിന്തുണ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസമാണു തനിക്കുള്ളതെന്നാണു ദക്ഷിണ കൊറിയയിലുള്ള യുഎസ് വൈസ് പ്രസിഡന്റ് മൈക് പെൻസ് വെള്ളിയാഴ്ച പറഞ്ഞത്.

കൊറിയൻ യുദ്ധത്തിനുശേഷം (1950–53) യുഎസ് സൈന്യത്തിന്റെ വൻ താവളമാണു ദക്ഷിണ കൊറിയയിലുള്ളത്. പ്യോങ്യാങ്ങിലെ ഉച്ചകോടി നടന്നാൽ, കഴിഞ്ഞവർഷം അധികാരത്തിലേറിയ മൂണിന് അതൊരു നയതന്ത്ര വിജയമാകും; യുഎസിനു ക്ഷീണവും. ഉത്തര കൊറിയയുടെ ഔദ്യോഗിക ദിനപത്രം ഇന്നലെയിറങ്ങിയതു ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂൺ ജെ ഇന്നിന്റെ നാലു പടങ്ങളുമായാണ്. ഉത്തര കൊറിയയിലെ മാധ്യമങ്ങളിൽ ദക്ഷിണ കൊറിയൻ നേതാക്കളുടെ ചിത്രം അച്ചടിക്കുന്നത് അത്യപൂർവമാണ്. മൂണിനെ പ്രസിഡന്റ് എന്നു വിശേഷിപ്പിച്ച് ഉത്തര കൊറിയൻ വാർത്താ ഏജൻസിയും റിപ്പോർട്ട് നൽകി.