സ്നേഹപ്രകടനത്തിലൂടെ ഉത്തര കൊറിയയ്ക്ക് ഒളിംപിക്സ് മെഡൽ

സോൾ ∙ ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂൺ ജേ ഇന്നിനെ ചർച്ചയ്ക്കു ക്ഷണിച്ചു കത്തു നൽകിയതു സംബന്ധിച്ച് ഉത്തര കൊറിയയിൽനിന്നു വിശദീകരണമില്ല. തുറന്ന മനസ്സോടെയുള്ള ചർച്ചകൾ നടന്നുവെന്നു മാത്രമായിരുന്നു ഉത്തര കൊറിയൻ വാർത്താ ഏജൻസി അറിയിച്ചത്. ദക്ഷിണ കൊറിയയിൽ ശൈത്യകാല ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് അടക്കമുള്ള പ്രതിനിധി സംഘം എത്തിയിരുന്നു.

ഇവരുമായി നടത്തിയ ചർച്ചയ്ക്കിടെ മൂണിനെ ചർച്ചകൾക്കായി കിം ഉത്തര കൊറിയയിലേക്കു ക്ഷണിച്ചെന്നും കിം ജോങ് ഉന്നിന്റെ ക്ഷണക്കത്തു കൈമാറിയെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഇതോടെ ഒളിംപിക്സിലെ ‘നയതന്ത്രത്തിനുള്ള സ്വർണമെഡൽ’ ഉത്തര കൊറിയ നേടിയെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടി. വാർത്തകളിലെല്ലാം ഉത്തര കൊറിയയയും കിം യോ ജോങ്ങും നിറഞ്ഞുനിൽക്കുകയും ചെയ്തു. സാംസ്കാരിക പരിപാടികൾ നന്നായി ആസ്വദിച്ച കിമ്മിനെയും സംഘത്തെയും ദക്ഷിണ കൊറിയൻ ജനത കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.

ശത്രുരാജ്യവുമായി സഹകരിക്കുന്നതിനെ എതിർക്കുന്ന യാഥാസ്ഥിതിക പക്ഷക്കാർ രാജ്യമാകെ പ്രതിഷേധിക്കുമ്പോൾ മൂണും കിമ്മും അടുത്തടുത്തിരുന്നു മേള ആസ്വദിക്കുകയായിരുന്നു. നേരത്തേ നൽകിയ സർക്കാർവിരുന്നിൽ പങ്കെടുത്ത കിം പറഞ്ഞത് മുൻപു വിചാരിച്ചിരുന്നതിനെക്കാൾ പൊരുത്തം ഇരുരാജ്യങ്ങളും തമ്മിലുണ്ടെന്നാണ്.

ഇരുരാജ്യങ്ങളും ഒന്നാകുന്ന ദിവസം ഉണ്ടാകുമെന്ന പ്രതീക്ഷയും കിം പ്രകടിപ്പിച്ചു. മൂന്നു ദിവസത്തെ പര്യടനത്തിനെത്തിയ കിമ്മിനെ നാലു തവണയാണു മൂൺ സന്ദർശിച്ചത്. മൂണിന്റെ ഉത്തര കൊറിയൻ ആഭിമുഖ്യം യുഎസിനെയും ജപ്പാനെയും അലോസരപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ പങ്കെടുത്ത ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസും പുതിയ സംഭവവികാസങ്ങളിൽ സന്തുഷ്ടരായി കാണപ്പെട്ടില്ല.