സ്നേഹസമ്മാനം; ഉത്തര കൊറിയയുടെ ഒളിംപിക്സ് ചെലവ് ദക്ഷിണ കൊറിയ വഹിക്കും

കിം ജോങ് ഉൻ, മൂൺ ജേ ഇൻ

സോൾ∙ ശീതകാല ഒളിംപിക്സിൽ പങ്കെടുക്കാൻ ഉത്തര കൊറിയ കാണിച്ച സൗമനസ്യത്തിനു ദക്ഷിണ കൊറിയയുടെ സ്നേഹോപകാരം. പ്യോങ്ചാങ്ങിലെ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഉത്തര കൊറിയൻ താരങ്ങളുടെയും അനുബന്ധ ഒരുക്കങ്ങളുടെയും ചെലവു വഹിക്കാൻ 2.64 ലക്ഷം ഡോളർ ബജറ്റിൽ വകയിരുത്തി. ദക്ഷിണ–ഉത്തര കൊറിയകളുടെ സഹകരണം മെച്ചപ്പെടുത്താനുള്ള സമിതിയുടേതാണു ധനസഹായ പദ്ധതി.

ഉത്തര കൊറിയൻ കായിക താരങ്ങളുടെയും ആഘോഷസംഘം ഉൾപ്പെടെ കലാസംഘങ്ങളുടെയും യാത്ര, താമസം, ഭക്ഷണം തുടങ്ങിയ ചെലവുകളും വഹിക്കും. അടുത്ത മാസം നടക്കുന്ന പാരാലിംപിക്സിലും ധനസഹായം തുടരണോയെന്ന കാര്യം സമിതി പ്രത്യേക യോഗം ചേർന്നു തീരുമാനിക്കുമെന്നു കൊറിയകളുടെ ഏകീകരണം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ദക്ഷിണ കൊറിയൻ മന്ത്രാലയം അറിയിച്ചു.

കൊറിയൻ ഉപദ്വീപിൽ സമാധാനപാതയിലെ നാഴികക്കല്ലാണ് ഉത്തര കൊറിയയുടെ ഒളിംപിക്സ് പങ്കാളിത്തമെന്നു ദക്ഷിണ കൊറിയ ഏകീകരണ മന്ത്രി ചോ മ്യോങ് ഗ്യൊൻ പറഞ്ഞു. ഉത്തര കൊറിയ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിന്റെ നേതൃത്വത്തിലാണു ഒളിംപിക്സ് ‍താരങ്ങൾ പ്യോങ്ചാങ്ങിലെത്തിയത്. കൊറിയ ഉച്ചകോടിക്കും വഴിയൊരുങ്ങുന്നുണ്ട്.