ഡൽഹിയിലെ ഡബ്ല്യുടിഒ സമ്മേളനം പാക്കിസ്ഥാൻ ബഹിഷ്കരിക്കും

ഇസ്‌ലാമാബാദ്∙ നാളെയും മറ്റന്നാളുമായി ഡൽഹിയിൽ നടക്കുന്ന ലോകവ്യാപാരസംഘടന (ഡബ്ല്യുടിഒ) മന്ത്രിതല സമ്മേളനത്തിൽ പാക്കിസ്ഥാൻ പങ്കെടുക്കില്ല. പാക്ക് വാണിജ്യമന്ത്രി പർവേസ് മാലിക്ക് നേരത്തെ ക്ഷണം സ്വീകരിച്ചിരുന്നതാണെങ്കിലും ഇന്ത്യയിലുള്ള തങ്ങളുടെ നയതന്ത്രപ്രതിനിധികളെ ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചു പിന്നീട് ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.

യുഎസ്, ചൈന എന്നിവയടക്കം അൻപതിലേറെ രാജ്യങ്ങളാണു സമ്മേളനത്തിൽ പങ്കെടുക്കുക. ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണർ സുഹൈൽ മുഹമ്മദിനെ പാക്കിസ്ഥാൻ തിരിച്ചുവിളിച്ചിരുന്നു. ഇന്ത്യയിലെ സാഹചര്യങ്ങൾ സുഹൈൽ മുഹമ്മദ് പാക്ക് വിദേശകാര്യമന്ത്രാലയത്തെ ബോധ്യപ്പെടുത്തും. ഇതേത്തുടർന്ന് ഇക്കാര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നതു മന്ത്രാലയം തീരുമാനിക്കും.

നയതന്ത്രജ്ഞർക്കു കുടുംബസമേതം താമസിക്കാൻ പറ്റാത്ത സ്ഥലമായി പ്രഖ്യാപിക്കുകയോ സുഹൈലിന്റെ തിരിച്ചുപോക്ക് അനന്തമായി നീട്ടുകയോ ചെയ്യാനാവും. കാര്യങ്ങൾ ബോധ്യപ്പെടുത്തിയശേഷം സുഹൈൽ വൈകാതെ തിരിച്ചുപോകുമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും അടുത്ത കാലത്തെങ്ങും അതുണ്ടാവില്ലെന്നാണു മാധ്യമറിപ്പോർട്ടുകൾ.