ഒരിഞ്ചു ഭൂമി വിട്ടുകൊടുക്കില്ല; ‘രക്തരൂഷിത’ യുദ്ധത്തിനും തയാറെന്ന് ഷി ചിൻപിങ്

ബെയ്ജിങ്∙ ചൈനയുടെ ഒരിഞ്ചു ഭൂമി പോലും ആർക്കും വിട്ടുകൊടുക്കില്ലെന്നും ലോകത്ത് അർഹമായ സ്ഥാനത്തിനുവേണ്ടി രക്തരൂഷിത യുദ്ധത്തിനുപോലും തയാറാണെന്നും പ്രസിഡന്റ് ഷി ചിൻപിങ്. ചൈനയെ മഹത്തായ രാഷ്ട്രമാക്കി മാറ്റുകയാണു തന്റെ സ്വപ്നമെന്നും ആജീവനാന്ത പ്രസിഡന്റായി ഈയിടെ തിരഞ്ഞെടുക്കപ്പെട്ട ഷി, പാർലമെന്റായ നാഷനൽ പീപ്പിൾസ് കോൺഗ്രസിൽ നടത്തിയ 30 മിനിറ്റ് പ്രസംഗത്തിൽ പറഞ്ഞു.

ഏതെങ്കിലും അയൽരാജ്യത്തിന്റെ പേരു പരാമർശിക്കാതെ ആയിരുന്നു ഷിയുടെ ‘ഭീഷണി’ പ്രസംഗം. മിക്ക അയൽരാജ്യങ്ങളുമായും ചൈനയ്ക്ക് അതിർത്തിത്തർക്കമുണ്ട്. ദക്ഷിണ ചൈനാ കടൽ സംബന്ധിച്ചു ജപ്പാനുമായി തർക്കം രൂക്ഷമാണ്. ആഗോളതലത്തിൽ അർഹമായ സ്ഥാനം നേടിയെടുക്കാനുള്ള കഴിവു ചൈനയ്ക്കുണ്ടെന്നും ഷി പറഞ്ഞു.

താൻ എന്നും ജനങ്ങളുടെ വിശ്വസ്ത സേവകനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഛിദ്രശക്തികൾക്കു ശക്തമായ മുന്നറിയിപ്പു നൽകാനും ഷി മറന്നില്ല. മഹത്തായ ചൈനയെ വിഭജിക്കാൻ ശ്രമിക്കുന്നവർക്ക് അർഹമായ ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.