ഇന്ത്യ, ചൈന ഇറക്കുമതിക്കുമേൽ അധികനികുതി ചുമത്തി യുഎസ്

വാഷിങ്ടൻ∙ യുഎസിലെ വ്യവസായങ്ങളെ തകർക്കുന്നു എന്നാരോപിച്ചു ചൈനയിൽനിന്നും ഇന്ത്യയിൽനിന്നും ഇറക്കുമതി ചെയ്യുന്ന ഉരുക്ക് ഉൽപന്നങ്ങൾക്കുമേൽ (സ്റ്റീൽ ഫ്ലാൻജ്)  യുഎസ് ഭരണകൂടം ആന്റി ഡംപിങ് ഡ്യൂട്ടി ചുമത്തി. ഉരുക്ക് ഉൽപന്നങ്ങൾ യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന കമ്പനികൾക്ക് ചൈനയും ഇന്ത്യയും അന്യായമായി സബ്സിഡി നൽകുന്നു എന്നാരോപിച്ചാണു നടപടി. 

വൻ സബ്സിഡി ലഭിക്കുന്നതിനാൽ ഇന്ത്യൻ ഉരുക്കുൽപന്നങ്ങൾ കുറഞ്ഞവിലയ്ക്കു യുഎസ് കമ്പോളത്തിൽ വിറ്റഴിക്കുന്നതായി കഴിഞ്ഞയാഴ്ച ലോക വ്യാപാര സംഘടനയിൽ യുഎസ് പരാതിപ്പെട്ടിരുന്നു. 

എന്നാൽ, സബ്സിഡി പൂർണമായി പിൻവലിക്കാൻ എട്ടുവർഷം കാലാവധിയുണ്ടെന്നും ഇക്കാര്യത്തിൽ ചർച്ചയ്ക്കു സന്നദ്ധമാണെന്നും ഇന്ത്യ മറുപടിനൽകി. എന്നാൽ രാജ്യത്തെ വ്യവസായങ്ങൾ തകരുന്നത് നോക്കിയിരിക്കാനാവില്ലെന്നാണു യുഎസ് നിലപാട്. ഇന്ത്യയിൽനിന്നു ചെമ്മീൻ ഇറക്കുമതിക്കുമേലും യുഎസ് നേരത്തേ അധികനികുതി ചുമത്തിയിരുന്നു. 

പ്രധാനമായും ചൈനയെ ലക്ഷ്യമിട്ടാണ് യുഎസിന്റെ നീക്കമെങ്കിലും ഇന്ത്യയും തിക്തഫലം അനുഭവിക്കേണ്ടിവരും. യുഎസ് ഇത്തരത്തിൽ കടുത്തനടപടികൾ എടുക്കുന്നതോടെ ഇതരരാജ്യങ്ങളും ഇറക്കുമതി നയം കർശനമാക്കുമെന്നാണു സൂചന.

ചൈനയ്ക്കെതിരെ വാണിജ്യ‌ ഉപരോധം

ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ ലംഘിച്ച് കണ്ടുപിടിത്തങ്ങൾ അടിച്ചുമാറ്റുന്നുവെന്നാരോപിച്ചു ചൈനയ്ക്കെതിരെ വാണിജ്യ ഉപരോധവുമായി യുഎസ്. എന്നാൽ ചൈനയുടെ താൽപര്യങ്ങളെ ബാധിച്ചാൽ വെറുതെയിരിക്കില്ലെന്നും ഉപരോധങ്ങളെ ചെറുക്കുമെന്നും ചൈനയുടെ വാണിജ്യമന്ത്രാലയം തിരിച്ചടിച്ചു. 

സാങ്കേതികവിദ്യാ കൈമാറ്റം സംബന്ധിച്ച വ്യാപാരനിയമങ്ങൾ ലംഘിച്ച ചൈനയുടെ ചെയ്തികളെക്കുറിച്ചു ശക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നു വൈറ്റ് ഹൗസ് സൂചിപ്പിച്ചു. ഉപരോധം ഇന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുമെന്നു വൈറ്റ് ഹൗസ് പ്രിൻസിപ്പൽ ഡപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ അറിയിച്ചു. 

യുഎസ് കമ്പനികളോടു സംയുക്ത സംരംഭങ്ങൾക്കു ചൈന സമ്മർദംചെലുത്തുവെന്നാണു പരാതി. സംയുക്തസംരംഭമാകുന്നതോടെ സാങ്കേതികവിദ്യകൾ ചൈനീസ് കമ്പനിക്കു കൈമാറേണ്ടിവരുന്നു. പണമുപയോഗിച്ചു ചൈന യുഎസ് വാണിജ്യസ്ഥാപനങ്ങളിൽ നുഴഞ്ഞുകയറി നേട്ടമുണ്ടാക്കുന്നുവെന്നും ആക്ഷേപമുണ്ട്.

ഇന്ത്യയും ചൈനയും ‘ഫ്രെനിമീസ്’

വാഷിങ്ടൻ∙ ‘ഇന്ത്യയും ചൈനയും ‘ഫ്രെനിമീസാ’ണ് (frenemies) എന്നു ഐക്യരാഷ്ട്ര സംഘടനയിലെ (യുഎൻ) ഇന്ത്യൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ. അതായതു സുഹൃത്താണ്; ശത്രുവുമാണ്. ഹോളിവുഡിൽ നിന്നെടുത്തതാണ് ഈ പ്രയോഗം. ചില കാര്യങ്ങളിൽ സഹകരിക്കും. ഒരുമിച്ചുപോകും. മറ്റു ചിലതിൽ വിയോജിച്ചു മുന്നോട്ടു പോകും.

ഏഷ്യയുടെ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട ഏഷ്യാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് പോലെയുള്ള കാര്യങ്ങളിൽ യോജിച്ചു പ്രവർത്തിക്കുമ്പോൾ, പാക്ക് അധിനിവേശ കശ്മീരിലൂടെയുള്ള സാമ്പത്തിക ഇടനാഴി പോലുള്ളവയെ സുരക്ഷാകാരണങ്ങളാൽ ശക്തമായി എതിർക്കുകയും ചെയ്യുന്നു – ജോർജ്‌ ടൗൺ സർവകലാശാലയിൽ നടത്തിയ പ്രഭാഷണത്തിൽ അക്ബറുദ്ദീൻ പറഞ്ഞു.