ആ ഇന്ത്യക്കാരൻ അമേരിക്കയുടെ വീരപുരുഷൻ; മതിലിനു പിന്തുണ തേടി ട്രംപ്

anamika-chand-singh-ronil-ron-singh
SHARE

വാഷിങ്ടൻ∙ ഇന്ത്യൻ വംശജനായ പൊലീസുകാരന്റെ കൊലപാതകം ഉയർത്തിപ്പിടിച്ചു യുഎസ്– മെക്സിക്കോ അതിർത്തിയിലെ മതിൽ നിർമാണത്തിനു വേഗം കൂട്ടാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഓവൽ ഓഫിസിലിരുന്നു ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇന്ത്യൻ വംശജനായ അമേരിക്കൻ പൊലീസുകാരന്റെ മരണം ട്രംപ് ഓർമിപ്പിച്ചത്.

കലിഫോർണിയയിൽ കൊല്ലപ്പെട്ട കോർപറൽ റോണിൽ റോൺ സിങ് (33) എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മരണമാണു ട്രംപ് പരാമർശിച്ചത്. അനധികൃത കുടിയേറ്റക്കാരനായ മെകിസ്ക്കോ സ്വദേശി ഗുസ്താവോ പെരെസ് അരിയാഗ എന്നയാളാണു സിങ്ങിനെ വെടിവച്ചത്. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരിൽനിന്നു സംരക്ഷിക്കാൻ 5.7 ബില്യൻ ഡോളർ ചെലവിട്ടു മതിൽ നിർമിക്കണമെന്നാണു ട്രംപിന്റെ നിലപാട്.

‘ക്രിസ്മസ് പിറ്റേന്നുണ്ടായ സംഭവം അമേരിക്കയുടെ ഹൃദയം തകർത്തു. അനധികൃത കുടിയേറ്റക്കാരനായ പരദേശി രക്തം മരവിക്കുന്ന രീതിയിലാണു നമ്മുടെ പൊലീസ് ഓഫിസറെ കൊലപ്പെടുത്തിയത്. കൊലയാളി അതിർത്തി കടന്നു വന്നിട്ടു അധിക സമയമായിരുന്നില്ല. അമേരിക്കൻ വീരപുരുഷന്റെ ജീവൻ കവർന്നെടുത്ത ഒരാൾക്ക് ഈ രാജ്യത്തു ജീവിക്കാൻ യാതൊരു അവകാശവുമില്ല’– ട്രംപ് ചൂണ്ടിക്കാട്ടി.

ഇതുൾപ്പെടെ കുടിയേറ്റക്കാർ നടത്തിയ നിരവധി ആക്രമണങ്ങൾ എടുത്തു പറഞ്ഞാണു മതിലിന്റെ ആവശ്യകത ട്രംപ് ഉറപ്പിച്ചത്. അതിർത്തിയിൽ സുരക്ഷാ പ്രശ്നങ്ങളും മാനുഷിക വെല്ലുവിളികളും വർധിക്കുകയാണ്. ഹൃദയത്തിനും ആത്മാവിനുമുള്ള വെല്ലുവിളിയാണിത്– ട്രംപ് പറഞ്ഞു. കഴിഞ്ഞയാഴ്ച റോൺ സിങ്ങിന്റെ വിധവ അനാമിക ചന്ദ് സിങ്, ന്യൂമാൻ പൊലീസ് ഡിപ്പാർട്ട്മെന്റിലെ സഹപ്രവർത്തകർ എന്നിവരുമായി ട്രംപ് സംസാരിച്ചിരുന്നു.

Donald-Trump

നേരത്തേ, അതിർത്തിയിൽ കോൺക്രീറ്റ് മതിലിനു പകരം ഇരുമ്പുവേലി നിർമിക്കാമെന്നു പറഞ്ഞു ഡെമോക്രാറ്റുകളെ മയപ്പെടുത്താൻ ട്രംപ് ശ്രമിച്ചിരുന്നു. ഡിസംബർ 22നു തുടങ്ങിയ ഭരണസ്തംഭനം നീക്കാനാണു ട്രംപ് അൽപം അയഞ്ഞത്. മതിലിനു പണം അനുവദിച്ചില്ലെങ്കിൽ ധനാഭ്യർഥന പാസാക്കില്ലെന്നും അടിയന്തരാവസ്ഥ ഏർപ്പെടുത്തുമെന്നുമായിരുന്നു ട്രംപിന്റെ നിലപാട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA