ചൈനയിലെത്തിയത് കിം തന്നെ; ആണവ നിരായുധീകരണത്തിനു തയാറെന്ന് പ്രഖ്യാപനം

കിം ജോങ് ഉന്നും ഭാര്യ റി സോൾ ജുവും (ഇടത്തേയറ്റം) ഷി ചിൻപിങ്ങിനും ഭാര്യ പെങ് ലിയുവാനും ഒപ്പം.

ബെയ്ജിങ്∙ ഒടുവിൽ ചൈനയും ഉത്തരകൊറിയയും സമ്മതിച്ചു – കിം ജോങ് ഉൻ ചൈനയിലെത്തി. ഷി ചിൻപിങ്ങുമായി ചർച്ച നടത്തി. ഇരുവരും ഒപ്പമുള്ള ചിത്രങ്ങളും പുറത്തുവിട്ടു. 

2011ൽ പ്രസിഡന്റായി സ്ഥാനമേറ്റശേഷം കിം ജോങ് ഉൻ നടത്തുന്ന ആദ്യ വിദേശ സന്ദർശനമായിരുന്നു ഇത്; ഒരു വിദേശ രാഷ്ട്രത്തലവനുമായുള്ള ആദ്യ കൂടിക്കാഴ്ചയും. ദക്ഷിണ കൊറിയയിലെയും ഹോങ്കോങ്ങിലെയും ജപ്പാനിലെയും മാധ്യമങ്ങളാണു കിം ജോങ് ഉന്നിന്റെ ചൈനാ സന്ദർശനത്തെക്കുറിച്ചു കഴിഞ്ഞദിവസം വാർത്ത പുറത്തുവിട്ടത്. എന്നാൽ, ഇതു സ്ഥിരീകരിക്കാൻ ഇരുരാജ്യങ്ങളും തയാറായിരുന്നില്ല.

ആണവ നിരായുധീകരണത്തിനു തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നു ചർച്ചയിൽ ഉൻ ചൈനീസ് പ്രസിഡന്റിനെ അറിയിച്ചു. ‘യുഎസും ദക്ഷിണ കൊറിയയും ഞങ്ങളുടെ ശ്രമങ്ങളോടു സൗമന്യസത്തോടെ പ്രതികരിക്കുകയും സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കാൻ സഹകരിക്കുകയും ചെയ്താൽ ആണവ നിരായുധീകരണ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ’– ഉൻ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ്രടംപുമായി മേയിൽ നടത്തുന്ന ചർച്ചയ്ക്കു മുന്നോടിയായാണ് ഉൻ, ഷി ചിൻപിങ്ങിനെ കാണാനെത്തിയത്. എന്നാൽ, ഉത്തരകൊറിയ ആണവനിരായുധീകരണ പദ്ധതി പ്രഖ്യാപിക്കണമെന്നാണു ചർച്ചയ്ക്കു യുഎസ് വച്ചിരിക്കുന്ന ഉപാധി. ഏപ്രിലിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നുമായും ചർച്ചയ്ക്ക് ഒരുങ്ങുകയാണ് ഉൻ. ദക്ഷിണ കൊറിയയുമായി സമാധാനത്തിന്റെയും സഹകരണത്തിന്റെയും നാളുകൾ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഉൻ, ചൈനീസ് പ്രസിഡന്റിനോടു പറഞ്ഞു.

ഞായറാഴ്ച ട്രെയിൻ മാർഗം ചൈനയിലെത്തിയ ഉൻ ഇന്നലെയാണു മടങ്ങിയത്. മടങ്ങിയ ശേഷമാണു ചൈന സന്ദർശനകാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഉന്നിനോടൊപ്പം ഭാര്യ റി സോൾ ജുവും ഉണ്ടായിരുന്നു. ചിൻപിങ്ങും ഭാര്യ പെങ് ലിയുവാനും ചേർന്നാണ് ഇരുവരെയും സ്വീകരിച്ചത്. നേതാക്കളും കുടുംബവും ഒരുമിച്ചു കലാപ്രകടനങ്ങളും കണ്ടു.