Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാചകനു മാമ്മോദീസ നൽകി മാർപാപ്പ

ogah ഓഗ

വത്തിക്കാൻ സിറ്റി ∙ അനധികൃതമായി റോമിൽ എത്തി ഭിക്ഷക്കാരനായി ജീവിക്കുകയായിരുന്ന നൈജീരിയൻ യാചകൻ ജോൺ ഓഗ(31)യ്ക്കു ഫ്രാൻസിസ് മാർപാപ്പ മാമ്മോദീസ നൽകിയതോടെ ഉയിർത്തെഴുന്നേൽപിന്റെ തിരുനാളിൽ ഓഗയ്ക്കും പുനർജന്മം. ജോൺ ഓഗ ഇറ്റാലിയൻ ജനതയുടെ കണ്ണിലുണ്ണിയായി മാറിയതു കഴിഞ്ഞ സെപ്റ്റംബറിലാണ്.

റോമിലെ സൂപ്പർമാർക്കറ്റിനു മുന്നിൽ ചില്ലറത്തുട്ടുകൾക്കായി യാചിക്കുകയായിരുന്നു ഓഗ. കത്തി കാട്ടി 400 യൂറോ അപഹരിച്ച് സ്റ്റോറിൽ നിന്ന് ഇറങ്ങിവന്ന 37 വയസ്സുള്ള ഇറ്റാലിയൻ മോഷ്ടാവിനെ പൊലീസ് എത്തുന്നതുവരെ ഓഗ തടഞ്ഞുനിർത്തി. ഇറ്റലിയിൽ താമസിക്കാനുള്ള അനുമതിപത്രമില്ലാതിരുന്നതിനാൽ പൊലീസ് എത്തിയതോടെ ഓഗ മുങ്ങുകയും ചെയ്തു. സമീപത്തെ ക്യാമറകളിൽ നിന്നാണു ‘നല്ല പൗരനെ’ പൊലീസ് കണ്ടെത്തിയത്. പ്രതിഫലമെന്നോണം ഇറ്റലിയിൽ താമസിക്കാനുള്ള അനുമതി പൊലീസ് തന്നെ ഏർപ്പാടാക്കി.

ധീരനെന്നും നല്ല പൗരനെന്നും ഇറ്റലിയിലെ മാധ്യമങ്ങൾ വാഴ്ത്തിയതോടെ ഇറ്റലിയിലെ ജനങ്ങളുടെ ഹീറോ ആയി മാറി അദ്ദേഹം. ഈസ്റ്റർ ദിനത്തിന്റെ തലേന്നു രാത്രി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന തിരുക്കർമങ്ങൾക്കിടയിൽ ഓഗയടക്കം എട്ടു പേരെയാണു മാമ്മോദീസ നൽകി പുതുജീവിതത്തിലേക്കു മാർപാപ്പ നയിച്ചത്. ഓഗയുടെ തലതൊട്ടപ്പനെന്ന സ്ഥാനം വഹിച്ചത് അയൽവാസിയായ പൊലീസ് ഓഫിസർ നുൻസിയോ കർബൺ. കർബണും സഹപ്രവർത്തകനുമാണ് ഓഗയ്ക്ക് ഇമിഗ്രേഷൻ അനുമതി വാങ്ങിക്കൊടുത്തത്.