ആക്രമണങ്ങൾ: പാക്കിസ്ഥാനിൽ ഒൻപതു പേർ കൊല്ലപ്പെട്ടു

കറാച്ചി∙ പാക്കിസ്ഥാനിൽ തിങ്കളാഴ്ച രണ്ട് ആക്രമണങ്ങളിൽ ഒൻപതു പേർ കൊല്ലപ്പെട്ടു. ഇതിൽ ഒരു ക്രിസ്തീയ കുടുംബത്തിലെ നാലുപേരെ വധിച്ചതിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റ നഗരത്തിലാണു രണ്ടു സംഭവങ്ങളും.

ആദ്യസംഭവത്തിൽ ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന കുടുംബത്തിനു നേരെ മോട്ടോർസൈക്കിളിലെത്തിയ അജ്‍ഞാതൻ വെടിയുതിർക്കുകയായിരുന്നു. കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ്റ്ററിന്റെ പിറ്റേന്നു നടന്ന ആക്രമണം മതപരമായ ശത്രുതയുടെ പേരിലാണെന്നു പൊലീസ് അറിയിച്ചു.

ഞായറാഴ്ച ഷിയാ മുസ്‌ലിം വിഭാഗത്തിൽപ്പെട്ട ഒരാളെ വധിച്ചതിൽ പ്രതിഷേധിച്ചു നടത്തിയ പ്രകടനത്തിനു നേരെയായിരുന്നു രണ്ടാമത്തെ ആക്രമണം. പൊതുനിരത്തിൽ രണ്ടു സംഘങ്ങൾ ഏറ്റുമുട്ടിയതിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ഒൻപതുപേർക്കു പരുക്കേറ്റു.