ഭീകരസംഘടനകൾക്കു സ്ഥിരനിരോധനം; പുതിയ നിയമവുമായി പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ ജമാഅത്തുദ്ദഅവ അടക്കം ഭീകരസംഘടനകളെ സ്ഥിരമായി നിരോധിക്കാനുള്ള കരടുബില്ലുമായി പാക്കിസ്ഥാൻ. പാക്ക് സൈന്യത്തിന്റെ പിന്തുണയോടെയാണു സർക്കാർ നീക്കം.

ഭീകരസംഘടനകളെയും നേതാക്കളെയും വിലക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ പാക്ക് പ്രസിഡന്റ് മംനൂൻ ഹുസൈൻ ഒപ്പുവച്ച ഓർഡിനൻസിനു പകരമാകും പുതിയ ബിൽ എന്നു പാക്ക് ദിനപത്രം ഡോൺ റിപ്പോർട്ട് ചെയ്തു. 1997ലെ ഭീകരവിരുദ്ധ നിയമം (എടിഎ) ഭേദഗതിചെയ്യുന്ന ബില്ലിന്റെ കരട് ഇന്ന് ആരംഭിക്കുന്ന പാക്ക് പാർലമെന്റ് സമ്മേളനത്തിൽ വച്ചേക്കും.

ഭീകരർക്കു സുരക്ഷിതതാവളവും സാമ്പത്തിക സഹായവും നൽകുന്നതിന്റെ പേരിൽ പാക്കിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്താനുള്ള രാജ്യാന്തര സാമ്പത്തിക സമിതിയുടെ (എഫ്എടിഎഫ്) ശുപാർശയ്ക്കു യുഎസ്, യുകെ, ഫ്രാൻസ്, ജർമനി എന്നീ വൻശക്തികൾ അംഗീകാരം നൽകിയിരുന്നു. ഭീകരരെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്ന ഭീഷണി ഉയർന്നതോടെയാണു ഭീകരവിരുദ്ധനിയമം ഭേദഗതിചെയ്യുന്ന ഓർഡനൻസ് കൊണ്ടുവന്നത്.

ഇതിന്റെ കാലാവധി കഴിയും മുൻപേ നിയമനിർമാണമാണു ലക്ഷ്യം. ഹാഫിസ് സയീദ് സ്ഥാപിച്ച ജമാഅത്തുദ്ദഅവയുടെ ഭാഗമായ ലഷ്കറെ തയിബയാണു 2008ലെ മുംബൈ ഭീകരാക്രമണം നടത്തിയത്. ഈ സംഘടനകൾക്കു സംഭാവന പിരിക്കുന്നതിനു പാക്കിസ്ഥാൻ കഴിഞ്ഞ ജനുവരിയിൽ വിലക്കേർപ്പെടുത്തി.