ഹാരി–മാർക്കിൾ വിവാഹത്തിന് തെരേസ മേയ്ക്ക് ക്ഷണമില്ല

ലണ്ടൻ∙ ഹാരി രാജകുമാരനും അമേരിക്കൻ നടി മേഗൻ മാർക്കിളും തമ്മിൽ അടുത്തമാസം 19നു നടക്കുന്ന വിവാഹത്തിനു ബ്രിട്ടന്റെ പ്രധാനമന്ത്രി തെരേസ മേയ്ക്കു ക്ഷണമില്ല. വിൻഡ്സർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ നടക്കുന്ന വിവാഹച്ചടങ്ങിൽ വധൂവരന്മാരുടെ അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുക്കുകയുള്ളൂവെന്നു വില്യം, ഹാരി രാജകുമാരന്മാരുടെ ഔദ്യോഗിക വസതിയായ കെൻസിങ്ടൻ കൊട്ടാരവൃത്തങ്ങൾ അറിയിച്ചു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബറാക് ഒബാമ തുടങ്ങി വിവാഹച്ചടങ്ങിൽ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന പ്രമുഖർക്കാർക്കും ക്ഷണമില്ല എന്നതും ശ്രദ്ധേയമാണ്. ഹാരിയുടെ സഹോദരൻ വില്യം രാജകുമാരൻ 2011ൽ കെയ്റ്റ് മിഡിൽട്ടനെ വിവാഹം കഴിച്ചപ്പോൾ അന്നത്തെ സർക്കാരുമായി ആലോചിച്ചായിരുന്നു ചടങ്ങുകൾ.

വിവാഹത്തിനു സമ്മാനങ്ങളൊന്നും വാങ്ങേണ്ടെന്നും ഹാരിയും മാർക്കിളും തീരുമാനിച്ചിട്ടുണ്ട്. പകരം ഇതിനുള്ള തുക മുംബൈയിലെ ചേരികളിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടന മൈന മഹിളാ ഫെഡറേഷനിലെ ഏഴു സംഘടനകളിൽ ഏതിനെങ്കിലും സംഭാവന ചെയ്യാം.

ഇതിനു പുറമേ ചിൽഡ്രൻസ് എച്ച്ഐവി അസോസിയേഷൻ, യുകെയിൽ ഭവനരഹിതർക്കായുള്ള സംഘടന ക്രൈസിസ്, യുദ്ധത്തിൽ മരിച്ച സൈനികരുടെ കുട്ടികൾക്കായുള്ള സ്കോട്ടീസ് ലിറ്റിൽ സോൾജിയേഴ്സ്, സ്ട്രീറ്റ്ഗെയിംസ്, സർഫേഴ്സ് എഗെനിസ്റ്റ് സ്വീവേജ്, വിൽഡേർനെസ് ഫൗണ്ടേഷൻ യുകെ എന്നീ സന്നദ്ധസംഘടനകൾക്കും സമ്മാനത്തിനുള്ള തുക സംഭാവന ചെയ്യാവുന്നതാണെന്നു കെൻസിങ്ടൻ കൊട്ടാരം അറിയിച്ചു.