Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിരീടാവകാശി എന്ന കാത്തിരിപ്പ്; ചാൾസിന് അടുത്തെങ്ങാനും സ്വന്തമാകുമോ സിംഹാസനം?

prince-Charles-elizabeth-queen എലിസബത്ത് രാജ്ഞിയോടൊപ്പം ചാൾസ് രാജകുമാരൻ.

രാജഭരണത്തിന്റെ കാലമൊക്കെ പോയെങ്കിലും ബ്രിട്ടിഷ് ജനതയ്ക്ക് കൊട്ടാരവും രാജ്ഞിയും രാജകുമാരന്മാരുമൊക്കെ ഇപ്പോഴും വൈകാരിക പ്രതീകങ്ങളാണ്. അതുകൊണ്ടുതന്നെ, കൊട്ടാരത്തിലെ വിവാഹവും പ്രസവവും ജന്മദിനവുമൊക്കെ അവർ ആഘോഷമാക്കും. രാജ്ഞിയെയും രാജകുമാരന്മാരെയുമൊക്കെ കാണാൻ കൊട്ടാരത്തിനുമുന്നിൽ മണിക്കൂറുകളോളം തമ്പടിച്ചുനിൽക്കും; ആട്ടവും പാട്ടുമൊക്കെയായി അത് ഉൽസവമാക്കും. പക്ഷേ, ഇന്ന് കൊട്ടാരത്തിൽ നടക്കുന്ന ഒരു ജന്മദിനാഘോഷം ബ്രിട്ടിഷ് ജനതയിൽ ഉൽസവത്തേക്കാളേറെ സംവാദത്തിനാണു തിരികൊളുത്തുന്നത്.

എലിസബത്ത് രാജ്ഞിയുടെ മൂത്ത മകൻ ചാൾസ് രാജകുമാരന്റെ 70–ാം ജന്മദിനമാണത്. ഈ സപ്തതിക്കൊപ്പം മറ്റൊരു റെക്കോർഡ് കൂടി അദ്ദേഹത്തിനുണ്ട് – സിംഹാസനത്തിനരികിൽ ഏറ്റവുമധികം കാലമായി കാത്തിരിക്കുന്ന വ്യക്തി.  ബ്രിട്ടനിലെ അധികാരക്കൈമാറ്റ ശ്രേണിയിൽ ഒന്നാമനാണ് ചാൾസ് രാജകുമാരൻ. തത്വത്തിൽ കിരീടാവകാശി തന്നെ. 66 വർഷമായി ഈ കസേരയിലാണ് അദ്ദേഹം. ബ്രിട്ടിഷ് ചരിത്രത്തിൽ മറ്റൊരാളും ഇത്രയധികം കാലം ‘കിരീടാവകാശി’ ആയി കാത്തുനിന്നിട്ടില്ല. ചാൾസ് ഉടൻ രാജാവാകുമോ? ആകേണ്ടതുണ്ടോ? രാജാവായാൽ ചാൾസ് എങ്ങനെയായിരിക്കും? ചർച്ചകൾ കൊടുമ്പിരിക്കൊള്ളുകയാണ്.

റെക്കോർഡ് കുറിച്ച് എലിസബത്ത് രാജ്ഞി

എലിസബത്ത് രാജ്ഞിക്ക് 92 വയസ്സു പിന്നിട്ടുകഴിഞ്ഞു. 25 വയസ്സുള്ളപ്പോൾ രാജ്ഞിയായ അവർ, ലോകത്ത് ഏറ്റവുമധികം കാലമായി ഒരു രാജ്യത്തിന്റെ അമരത്തുള്ള, ഇപ്പോഴും തുടരുന്ന, വ്യക്തി എന്ന റെക്കോർഡ് കൂടി വഹിക്കുന്നു. സിംഹാസനത്തിൽ അവർ 67 വർഷം പിന്നിട്ടുകഴിഞ്ഞു. യൗവനം വിടാത്ത ഉന്മേഷവും പ്രസരിപ്പുമുണ്ടെങ്കിലും പ്രായാധിക്യത്തിന്റെ പരിമിതികൾ സ്വാഭാവികമായും അലട്ടുന്ന രാജ്ഞി സ്ഥാനമൊഴിയണമെന്നു കരുതുന്നവർ ഏറെയുണ്ട്. പക്ഷേ, ചാൾസ് രാജാവാകേണ്ട എന്നു കരുതുന്നവർ അതിനേക്കാളേറെയാണ്. എലിസബത്ത് രാജ്ഞിക്കു ശേഷം രാജാവായി ചാൾസിനേക്കാൾ തങ്ങൾ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ മകൻ വില്യമിനെയാണെന്ന് പല സർവേകളിലും ജനം വിധിയെഴുതിയിരുന്നു.

ചാൾസിനോടുള്ള അപ്രിയത്തിനു പിന്നിൽ

ചാൾസിനോടു ജനങ്ങൾക്ക് എന്താണിത്ര പരിഭവം? ചാൾസിനേക്കാളേറെ ഡയാന രാജകുമാരിയെ ഇന്നും ഇഷ്ടമാണ് എന്നതായിരിക്കും ഒരുപക്ഷേ, ഏറ്റവും പ്രധാനം. 37 വർഷം മുൻപ് ചാൾസ് രാജകുമാരൻ മിന്നുകെട്ടി ഡയാനയെ രാജകുമാരിയാക്കിയപ്പോൾ സ്വർഗത്തിലെ സ്വപ്നവിവാഹം പോലെയാണത് ലോകം കൊണ്ടാടിയത്. ടെലിവിഷൻ മാത്രം ഉണ്ടായിരുന്ന (അതുതന്നെ വളരെ പരിമിതം) അക്കാലത്ത് 75 കോടി പേരാണ് ആ വിവാഹം കണ്ടത്. നൂറ്റാണ്ടിന്റെ വിവാഹമായി മാറിയ ആ ബന്ധം പിന്നെ, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രണയദുരന്തവുമായി.

charles-diana ഡയാന രാജകുമാരിയും ചാൾസ് രാജകുമാരനും. (പഴയ ചിത്രം)

സാധാരണക്കാരിയിൽനിന്ന് രാജകുമാരിയായി മാറിയ ഡയാനയുടെ ജീവിതം ഒരു ഹോളിവുഡ് സിനിമയുടെ എല്ലാ ചേരുവകളുമുള്ളതായിരുന്നു. കൊട്ടാരവും പ്രണയവും സെക്സും ആക്‌ഷനും ഒടുവിൽ പിന്തുടരുന്ന പപ്പരാസികളിൽനിന്നു രക്ഷതേടിയുള്ള പരക്കംപാച്ചിലിൽ തിരക്കഥകൾക്കുപോലുമപ്പുറത്തെ അപകടമരണവും. ഈ ജീവിതസിനിമയിൽ, കാമുകനും ഭർത്താവുമൊക്കെയായി നായകവേഷത്തിൽ തുടങ്ങിയ ചാൾസിനെ ഒടുവിൽ വില്ലൻ വേഷത്തിലാണു ജനം നിർത്തിയത്.

നായകനാകാൻ അണിയറയിൽ ഒരുക്കം

ജനങ്ങളുമായുള്ള ഇടപെടലുകളിലും സാധാരണക്കാരന്റെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിലും ചാൾസ് പരാജയമാണ് എന്നാണു മറ്റൊരു വിലയിരുത്തൽ. ഇതു മറികടക്കാൻ വേണ്ടിയാകാം ചാൾസിന്റെ വ്യക്തിത്വവിശേഷങ്ങൾ അനാവരണം ചെയ്യുന്നതും മതിപ്പുളവാക്കുന്നതുമായ ഡോക്കുമെന്ററിയും വിഡിയോകളുമെല്ലാം ഈയിടെ പുറത്തിറങ്ങി. വാൽസല്യവും കരുണയും കരുതലുമുള്ള ഒരു മാതൃകാകുടുംബനാഥന്റെയും നായകന്റെയും റോളിലേക്ക് അദ്ദേഹത്തെ പ്രതിഷ്ഠിക്കാനുള്ള സജീവശ്രമങ്ങളുമുണ്ട്. രാജപദവിയിൽ താനൊരു ‘ശല്യം’ ആവുകയില്ലെന്ന് ഈയിടെ ചാൾസ് തന്നെ പറയുകയും ചെയ്തു.

കാത്തിരിപ്പ് സംയമനത്തോടെ

സിംഹാസനത്തിനായുള്ള നീണ്ട കാത്തിരിപ്പ് തന്നെ വേദനിപ്പിച്ചിട്ടില്ലെന്നും ചാൾസ് ഈയിടെ പറഞ്ഞു. ജോർജ് ആറാമൻ രാജാവ് 57–ാം വയസ്സിൽ മരിച്ചു. അമ്മ ചെറിയ പ്രായത്തിൽ രാജ്ഞിയായതിനൊപ്പം താൻ നാലാം വയസ്സിൽ ‘കിരീടാവകാശി’യും ആയെന്ന് ചാൾസ് ചൂണ്ടിക്കാട്ടുന്നു. വളരെ നേരത്തേ ഈ പദവിയിൽ എത്തിയതുകൊണ്ടാണു നീണ്ട കാത്തിരിപ്പ് എന്ന വിശദീകരണവും സംയമനവും ആ വാക്കുകളിലുണ്ട്.

വില്യമിനെ ഇഷ്ടമാണെങ്കിലും മകൻ ചാൾസ് തന്നെ രാജാവാകുന്നതാണ് എലിസബത്ത് രാജ്ഞിക്കും താൽപര്യം. അതിനു കളമൊരുക്കാൻ രാജ്ഞി സിംഹാസനമൊഴിയുമെന്ന സൂചന ശക്തമാണ്. 95 വയസ്സ് തികയുമ്പോഴായിരിക്കും ഇതെന്നാണു നിഗമനം.

അധികാരക്കൈമാറ്റത്തിന്റെ കുടുംബവഴികൾ

ബ്രിട്ടിഷ് രാജകുടുംബത്തിലെ അധികാരക്കൈമാറ്റം ഓരോ തലമുറയിലെയും ഏറ്റവും മുതിർന്ന അംഗത്തിലേക്കും അവരുടെ മക്കളിലേക്കുമാണ്. രാജ്ഞിയുടെ മൂത്ത മകൻ ചാൾസ് ആണ് ആ ശ്രേണിയിലെ ഒന്നാമൻ. അതു കഴിഞ്ഞാൽ ചാൾസിന്റെ മൂത്ത മകൻ വില്യം. പിന്നെ, വില്യമിന്റെ മകൻ അഞ്ചുവയസ്സുകാരൻ ജോർജ്; പിന്നെ ജോർജിന്റെ കുഞ്ഞനിയത്തി ഷാർലറ്റ് (3 വയസ്സ്), പിന്നെ, ഇപ്പോൾ ആറു മാസം മാത്രമായ ലൂയി. വില്യമിന്റെ സന്താനപരമ്പര ഇപ്പോൾ ഇവിടെ അവസാനിക്കുന്നതിനാൽ അടുത്ത സ്ഥാനത്ത് വില്യമിന്റെ അനിയൻ ഹാരി വരും. വില്യമിന് ഭാവിയിൽ ഒരു കുഞ്ഞ് കൂടിയുണ്ടായാൽ ആ കുഞ്ഞിനും ശേഷമായിരിക്കും ഹാരിയുടെ സ്ഥാനം.

സിംഹാസനപദവി അർഹിക്കുന്നവരിൽ ചാൾസിന്റെ സഹോദരൻ ആൻഡ്രൂവും സഹോദരി ആനും ഉണ്ട്. പക്ഷേ, ഇവർ യഥാക്രമം 8, 14 സ്ഥാനങ്ങളിലാണ് വരിക. മൂത്ത മക്കൾക്കും അവരുടെ പരമ്പരയ്ക്കുമാണ് പ്രഥമസ്ഥാനം.