Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാരി രാജകുമാരനും മേഗൻ മാർക്കിളും ഇനി സസക്സ് പ്രഭുവും പ്രഭ്വിയും

Prince Harry, and Meghan രാജകീയ വിവാഹച്ചടങ്ങിനു ശേഷം ഹാരി രാജകുമാരനും വധു മേഗൻ മാർക്കിളും സെന്റ് ജോർജ് ചാപ്പലിൽനിന്നു പുറത്തുവരുന്നു. ചിത്രം: റോയിട്ടേഴ്സ്

ലണ്ടൻ∙ അലങ്കാരപ്പൂക്കളുള്ള മുഖപടം മെല്ലെ നീക്കി ഹാരി രാജകുമാരൻ മേഗന്റെ കണ്ണുകളിലേക്കു നോക്കി. എലിസബത്ത് രാജ്ഞി ഉൾപ്പെടെ രാജകുടുംബാംഗങ്ങളെയും അതിഥികളെയും സാക്ഷിനിർത്തി മോതിരവും വിവാഹപ്രതി‍ജ്ഞകളും കൈമാറി. സെന്റ് ജോർജ് ചാപ്പൽ പടവുകളിൽനിന്ന് ആചാരപ്രകാരം ചുംബിച്ചു. നീലാകാശവും സൂര്യകിരണങ്ങളും ജനസാഗരവും സാക്ഷി.

ബ്രിട്ടന്റെ ഹൃദയം കവർന്ന പ്രണയമിഥുനങ്ങൾ വിവാഹരഥമേറി രാജകീയപ്രൗഢിയുള്ള ദാമ്പത്യത്തിലേക്ക്. മേഗൻ മാർക്കിളും (36), ഹാരി രാജകുമാരനും (33) ഭാര്യാഭർത്താക്കന്മാരായതോടെ ഹാരി സസക്സ് പ്രഭുവെന്നും മേഗൻ സസക്സ് പ്രഭ്വിയെന്നുമാണ് ഔദ്യോഗികമായി അറിയപ്പെടുക.

മേഗന്റെ കുടുംബത്തിൽനിന്ന് അമ്മ ഡോറിയ റാഗ്‌ലൻഡ് മാത്രമാണു വിവാഹത്തി‍ൽ പങ്കെടുത്തത്. മേഗന്റെ പിതാവ് തോമസ് മാർക്കിളിന് ആരോഗ്യകാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനാൽ ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനാണു വധൂപിതാവിന്റെ സ്ഥാനത്തുനിന്നു ചടങ്ങുകളിൽ പങ്കെടുത്തത്. ആഫ്രിക്കൻ–അമേരിക്കൻ വംശജയാണു മേഗന്റെ മാതാവ്.

പരമ്പരാഗത ബ്രിട്ടിഷ് ശൈലിയിലൊതുങ്ങാതെ വൈവിധ്യപൂർണമായി വേറിട്ടു നിൽക്കുന്ന രാജകീയ വിവാഹം. വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതു പ്രശസ്തരുടെ വൻനിര. ഓപ്ര വിൻഫ്രി, ജോർജ് ക്ലൂണി, ഭാര്യ അമാൽ, ഡേവിഡ് ബെക്കാം, ഭാര്യ വിക്ടോറിയ ബെക്കാം, സർ എൽറ്റൺ ജോൺ, ടെന്നിസ് താരം സെറീന വില്യംസ് തുടങ്ങിയവരുൾപ്പെടെ അറുനൂറോളം അതിഥികളാണ് വിൻസർ കൊട്ടാരത്തിലെത്തിയത്.

അമേരിക്കൻ എപ്പിസ്കോപ്പൽ ബിഷപ് മൈക്കൽ കെറിയുടെ വേറിട്ട പ്രസംഗവും ശ്രദ്ധേയമായി. വിൻസർ കൊട്ടാരത്തിനു തൊട്ടടുത്തുള്ള ഹീത്രൂ വിമാനത്താവളത്തിൽ അധികൃതർ പതിനഞ്ചു മിനിറ്റ് നേരം ആകാശം ശൂന്യമാക്കി വിമാനങ്ങളുടെ ശബ്ദശല്യം ഒഴിവാക്കിക്കൊടുത്തതും കൗതുകമായി.

സുന്ദരശിൽപമായി മേഗൻ മാർക്കിൾ; ഓർമകളിൽ ഡയാന രാജകുമാരി

ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ ജിവെൻഷിക്കു വേണ്ടി വൈറ്റ് കെലർ ഒരുക്കിയ വിവാഹവസ്ത്രമാണു മേഗൻ ധരിച്ചത്. അഞ്ചു മീറ്റർ നീളമുള്ള മുഖപടത്തിൽ കോമൺവെൽത്ത് രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള പൂക്കളുടെ അലങ്കാരപ്പണി. മേഗൻ തലയിലണിഞ്ഞ വജ്രം പതിച്ച ടിയാറ മേരി രാജ്ഞിയുടേത്. വിവാഹവേളയിലണിയാൻ ഹാരിയുടെ മുത്തശ്ശി എലിസബത്ത് രാജ്ഞിയാണ് ഈ മനോഹരമായ ടിയാറ മേഗനു നൽകിയത്.

ഹാരിയുടെ മൂത്തസഹോദരൻ വില്യം രാജകുമാരന്റെയും കെയ്റ്റിന്റെയും മക്കളായ ജോർജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയും വധുവിനെ അനുഗമിക്കുന്ന സംഘത്തിലെ താരങ്ങളായി. ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെ സഹോദരി ലേഡി ജേൻ ഫെലോസ് വിവാഹച്ചടങ്ങിൽ പങ്കെടുത്തു. ചാപ്പൽ നിറയെ വെളുത്ത റോസാപുഷ്പങ്ങളാൽ അലങ്കരിച്ചത് ഡയാന രാജകുമാരിക്കുള്ള സ്മരണാഞ്ജലിയായി.