വാഹനാപകടം: യുഎസ് നയതന്ത്രജ്ഞൻ പാക്കിസ്ഥാൻ വിടുന്നതു വിലക്കും

ഇസ്‌ലാമാബാദ്∙ ട്രാഫിക് സിഗ്നൽ ലംഘിച്ചു പാഞ്ഞ കാർ ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഉൾപ്പെട്ട യുഎസ് നയതന്ത്ര ഉദ്യോഗസ്ഥൻ കേണൽ ജോസഫ് ഇമ്മാനുവൽ ഹാൾ രാജ്യം വിടുന്നതു പാക്കിസ്ഥാൻ വിലക്കും.

ഇസ്‌ലാമാബാദിൽ ശനിയാഴ്ചയായിരുന്നു സംഭവം. ചുവപ്പു സിഗ്നൽ ലംഘിച്ചു മുന്നോട്ടുവന്ന ഹാളിന്റെ വാഹനം മുൻപിലുള്ള മോട്ടോർ സൈക്കിളിൽ ഇടിക്കുന്നതു സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണെന്നു പൊലീസ് പറഞ്ഞു.

ഹാളിനെ രാജ്യം വിടാൻ വിലക്കുള്ളവരുടെ പട്ടികയിൽ പെടുത്തണമെന്ന് ആവശ്യപ്പെട്ടു പൊലീസ് ആഭ്യന്തരമന്ത്രാലയത്തിനു കത്തയച്ചതായി ഡോൺ ന്യൂസ് അറിയിച്ചു.