ഇരു കൊറിയകളും ഇനി ഹോട്ട്‍ലൈനിൽ; നേതാക്കൾക്കു സംസാരിക്കാനായി നേരിട്ടു ടെലിഫോൺ ബന്ധം

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ, ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജെ ഇൻ

സോൾ∙ ഉത്തര–ദക്ഷിണ കൊറിയകളുടെ ഉച്ചകോടിക്കു മുന്നോടിയായി ചരിത്രത്തിലാദ്യമായി നേതാക്കൾ തമ്മിൽ ഹോട്ട്‌ലൈൻ ബന്ധം നിലവിൽ. ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ വസതിയായ ബ്ലൂ ഹൗസും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ അധ്യക്ഷനായുള്ള സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷനും തമ്മിലാണു പുതിയ ടെലിഫോൺ ബന്ധം സ്ഥാപിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞു 3.41ന് ഉദ്യോഗസ്ഥർ തമ്മിൽ ‘ടെസ്റ്റ് കോളും’ കഴിഞ്ഞു. സൗഹൃദവിളി നാലു മിനിറ്റും 19 സെക്കൻഡും നീണ്ടെന്നും തൊട്ടപ്പുറത്തെ മുറിയിൽനിന്നാണു മറുപടി വരുന്നതെന്നു തോന്നിക്കുന്ന ഒന്നാന്തരം കണക്‌ഷനാണെന്നും ദക്ഷിണ കൊറിയ ഉന്നത ഉദ്യോഗസ്ഥൻ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു. അടുത്ത വെള്ളിയാഴ്ച ഉച്ചകോടി നടക്കുന്ന അതിർത്തി ഗ്രാമമായ പാൻമുൻജോമിൽ കഴിഞ്ഞ ജനുവരിയിൽ ഹോട്ട്‌ലൈൻ സംവിധാനം പുനഃസ്ഥാപിച്ചിരുന്നു. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഉച്ചകോടിക്കു മുൻപായി കിം ജോങ് ഉന്നും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജേ ഇന്നും ഒരു തവണയെങ്കിലും പുതിയ ഓഫിസ് ഹോട്ട്‌ലൈനിൽ ബന്ധപ്പെടുമെന്നാണു കരുതുന്നത്. കൊറിയൻ നേതാക്കൾ തമ്മിലുള്ള ആദ്യത്തെ ടെലിഫോൺ സംഭാഷണമായിരിക്കുമത്. ഉച്ചകോടിക്കു ശേഷം ഹോട്ട്‌ലൈൻ നിലനിർത്തി ബന്ധം വീണ്ടും മെച്ചപ്പെടുത്താനാകും ശ്രമം.