പതിനെട്ടുകാരി സിതാര വഫേദാർ മാതാപിതാക്കളുടെ ‘മകൻ’

സിതാര വഫേദാർ

സുൽത്താൻപുർ (അഫ്ഗാനിസ്ഥാൻ) ∙ സിതാര വഫേദാർ എന്ന അഫ്ഗാൻ പെൺകുട്ടി അച്ഛനമ്മമാരുടെ മകനാണ്. നംഗർഹർ പ്രവിശ്യയിലെ വിദൂരഗ്രാമത്തിൽ ആറു പെൺമക്കളുള്ള വീട്ടിൽ അഞ്ചാമതായി ജനിച്ച സിതാര പത്തുവർഷമായി കുടുംബത്തിലെ ആൺകുട്ടിയായി ജീവിക്കുന്നു.

അഫ്ഗാൻ ഗ്രാമങ്ങളിൽ പെൺകുട്ടികൾ മാത്രമുള്ള വീട്ടിലെ ഒരു കുട്ടിയെ പുരുഷനെപ്പോലെ വളർത്തുന്ന ‘ബച്ച പോഷി’ എന്ന ആചാരമുണ്ട്. മുടി മുറിച്ച്, ഷർട്ടും പാന്റ്സും ധരിച്ചു രൂപം മാറ്റുന്ന ഈ പെൺകുട്ടികൾ പുരുഷൻ ചെയ്യുന്ന എല്ലാ ജോലികളും ഉത്തരവാദിത്തങ്ങളും നിറവേറ്റണം. ദരിദ്രകുടുംബത്തെ പോറ്റാനായി സമീപത്തെ ഇഷ്ടികച്ചൂളയിൽ അടിമപ്പണിയെടുക്കുകയാണു സിതാര.

ഇഷ്ടികച്ചൂളയുടെ ഉടമയിൽനിന്നു കടംവാങ്ങിയ തുക തിരിച്ചു കൊടുക്കാൻ ഈ പതിനെട്ടുകാരിക്കു വേറെ വഴിയില്ല. ഒപ്പം പിതാവും ഇതേ ചൂളയിൽ ജോലിചെയ്യുന്നു. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചുവരെ പണിയെടുത്ത് അഞ്ഞൂറോളം ഇഷ്ടികകൾ ഉണ്ടാക്കിയാൽ കൂലി 160 അഫ്ഗാനി (150 രൂപ)യാണ്. മാതാപിതാക്കൾ തന്നെ മൂത്ത മകനായാണു കാണുന്നതെന്നു സിതാര പറയുന്നു.

സ്ത്രീകൾ ശവസംസ്കാരത്തിൽ പങ്കെടുക്കാത്ത നാട്ടിൽ, മകനെന്ന നിലയിൽ അത്തരം ചടങ്ങുകൾക്കും അവൾ പോകാറുണ്ട്. ബച്ച പോഷ് പദവിയിൽ സംതൃപ്തയല്ലെങ്കിലും സിതാര തുടരാൻ കാരണമുണ്ട്. അവൾ പിൻവാങ്ങിയാൽ പതിമൂന്നുകാരിയായ അനിയത്തിയാകും അടുത്ത ‘ബച്ച പോഷ്’. എങ്കിലും ചില ദിവസങ്ങളിൽ സിതാര സ്വപ്നം കാണും, തനിക്കൊരു സഹോദരൻ ഉണ്ടായിരുന്നെങ്കിലെന്ന്; എങ്കിൽ തനിക്കു മുടി നീട്ടിവളർത്തി പെൺകുട്ടിയായി ജീവിക്കാമായിരുന്നുവെന്ന്.