Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഫ്‍ഗാനിൽ ചാവേർ സ്ഫോടനങ്ങളിൽ 37 മരണം

Kabul-Blast അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ആദ്യത്തെ ചാവേർ സ്ഫോടനം നടന്ന സ്ഥലത്തേക്ക് സൈന്യം എത്തിയതിനു പിന്നാലെ രണ്ടാമത്തെ സ്ഫോടനവും അരങ്ങേറിയപ്പോൾ. ചിത്രം: റോയിട്ടേഴ്സ്

കാബൂൾ ∙ അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബുളിൽ ഭീകരസംഘടനയായ ഐഎസ് നടത്തിയ ഇരട്ട ചാവേർ സ്ഫോടനങ്ങളിൽ ഒൻപതു മാധ്യമപ്രവർത്തകർ അടക്കം 26 പേർ കൊല്ലപ്പെട്ടു. ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്‌പിയുടെ ചീഫ് ഫൊട്ടോഗ്രഫർ ഷാ മറായിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇരു സ്ഫോടനങ്ങളിലുമായി 45 പേർക്കെങ്കിലും പരുക്കേറ്റു. നാലു പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.

ഈ സ്ഫോടനങ്ങൾ കഴിഞ്ഞു മണിക്കൂറുകൾക്കകം, രാജ്യത്തിന്റെ തെക്കൻപ്രവിശ്യയായ കാണ്ഡഹാറിൽ നാറ്റോ സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടു നടന്ന കാർബോംബ് സ്ഫോടനത്തിൽ 11 കുട്ടികൾ കൊല്ലപ്പെട്ടു. സൈനിക വാഹനങ്ങൾക്കു സമീപം റോഡരുകിലെ മതപഠനശാലയിലെ കുട്ടികൾ കൂട്ടംകൂടി നിൽക്കുമ്പോഴായിരുന്നു ചാവേർ സ്ഫോടനം. അഞ്ചു നാറ്റോ സൈനികരടക്കം 16 പേർക്കു പരുക്കേറ്റു.

Kabul-Blast എഎഫ്‌പി ഫൊട്ടോഗ്രഫർ ഷാ മറായി, ബിബിസി റിപ്പോർട്ടർ അഹ്‌മദ് ഷാ

അഫ്‌ഗാനിസ്ഥാന്റെ കിഴക്കൻ പ്രവിശ്യയായ ഖോസ്തിൽ നടന്ന മറ്റൊരു ആക്രമണത്തിൽ ബിബിസി റിപ്പോർട്ടർ അഹ്‌മദ് ഷാ കൊല്ലപ്പെട്ടു. കാബുളിലെ സ്ഫോടനങ്ങൾക്കു ശേഷമാണിത്. മധ്യകാബുളിൽ നാറ്റോ ആസ്ഥാനത്തിനും എംബസികൾക്കും സമീപം സെൻട്രൽ ഷാഷ് ദരക് മേഖലയിലാണ് ഇരട്ട ചാവേർ സ്ഫോടനം നടന്നത്.

ആദ്യ ചാവേർ ബൈക്കിലാണ് എത്തിയത്. ഉഗ്ര സ്ഫോടനം നടന്നതോടെ സംഭവസ്ഥലത്തേക്കെത്തിയവരെ ലക്ഷ്യമിട്ടായിരുന്നു രണ്ടാമത്തെ സ്ഫോടനം. മാധ്യമപ്രവർത്തക സംഘത്തിനൊപ്പം നടന്നെത്തിയ ചാവേറാണു സ്വയം പൊട്ടിത്തെറിച്ചത്. 2001 ൽ യുഎസ് സഖ്യസേന താലിബാനെ അധികാരത്തിൽനിന്നു പുറത്താക്കിയശേഷം ആദ്യമായാണ് ഇത്രയേറെ മാധ്യമപ്രവർത്തകർ ആക്രമണങ്ങളിൽ ഒരുമിച്ചു കൊല്ലപ്പെടുന്നത്. ഇന്നലെ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്നതാണു മറ്റൊരു പ്രത്യേകത. മാധ്യമ സംഘത്തിനൊപ്പം സംഭവസ്ഥലത്തേക്കു പോയ ചാവേർ, സുരക്ഷാസൈനികരെ തന്റെ മാധ്യമ തിരിച്ചറിയൽ രേഖ കാട്ടുകയും ചെയ്തിരുന്നു.