Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഘർഷകാല ചിത്രങ്ങൾ ബാക്കിയാക്കി ഷാ മറഞ്ഞു

Kabul Blast ഫ്രഞ്ച് വാർത്താ ഏജൻസി എഎഫ്‌പിയുടെ ചീഫ് ഫൊട്ടോഗ്രഫർ ഷാ മറായി 2001 നവംബറിൽ എടുത്ത ചിത്രം. താലിബാൻ പതനത്തിനു ശേഷം സഖ്യസേന കാബൂളിലേക്കു പ്രവേശിക്കുന്നു.

കാബൂൾ∙ ഐഎസ് നടത്തിയ ഇരട്ട സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ട എഎഫ്‌പി ചീഫ് ഫൊട്ടോഗ്രഫർ ഷാ മറായ് വാർത്താ ഏജൻസിയിൽ ചേർന്നതു ഡ്രൈവറായി. താലിബാൻ അഫ്‍ഗാനിൽ അധികാരം പിടിച്ചെടുത്ത 1999ലായിരുന്നു അത്. ഡ്രൈവറുടെ ജോലിക്കിടെ വാർത്താചിത്രങ്ങൾ എടുത്തുതുടങ്ങിയ ഷാ 2001ൽ യുഎസ് അധിനിവേശ കാലത്ത് എഎഫ്‌പിക്കു വേണ്ടി വാർത്തകളും നൽകാൻ തുടങ്ങി. 2002ൽ മുഴുവൻ സമയ ഫൊട്ടോഗ്രഫറായി. പിന്നീടു ചീഫ് ഫൊട്ടോഗ്രഫറും.

ആദ്യ സ്ഫോടനം നടന്നപ്പോൾ സംഭവസ്ഥലത്തെത്തിയ മാധ്യമ സംഘത്തിനൊപ്പം ഷായുമുണ്ടായിരുന്നു. റോയിട്ടേഴ്‌സ് ഫൊട്ടോഗ്രഫർ ഒമർ ശോഭാനി തൊട്ടടുത്തു നിൽപുണ്ടായിരുന്നു. ‘ഫോട്ടോ എടുക്കാനുള്ള സൗകര്യത്തിനു ഞങ്ങൾ അൽപം ഉയർന്ന സ്ഥലത്താണു നിന്നത്. പൊടുന്നനെ സ്ഫോടനമുണ്ടായി. പിന്നെ നോക്കുമ്പോൾ ഷാ നിലത്തുവീണു കിടക്കുന്നതു കണ്ടു. എനിക്കതു വിശ്വസിക്കാനായില്ല’ –ഒമർ പറ‍ഞ്ഞു. റേഡിയോ ആസാദിയിൽ അടുത്തിടെ ചേർന്ന വനിതാ മാധ്യമപ്രവർത്തക മഹറാം ദുരാനിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. അവസാനവർഷ വിദ്യാർഥിയായ മഹറാം മാധ്യമരംഗത്തെത്തിയത് ഒരാഴ്ച മുൻപു മാത്രമാണ്.