Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാബൂളിൽ ഇരട്ട ചാവേർ സ്ഫോടനം; മാധ്യമപ്രവർത്തകരടക്കം 21 പേർ കൊല്ലപ്പെട്ടു

Kabul-blast കാബൂൾ സ്ഫോടനത്തിൽ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോൾ. ചിത്രം: ട്വിറ്റര്‍

കാബൂൾ∙ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട ചാവേർ ആക്രമണങ്ങളിൽ മാധ്യമ പ്രവർത്തകരടക്കം 21 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 27 പേര്‍ക്കു പരുക്കേറ്റു. ഫ്രഞ്ച് വാർത്താ ഏജൻസി എഎഫ്പിയിലെ മുതിർന്ന ഫൊട്ടോഗ്രാഫർ ഷാ മറായി ഉൾപ്പെടെ മൂന്നു മാധ്യമപ്രവർത്തകരാണു മരിച്ചത്.

ആദ്യസ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പകർത്തുന്നതിനിടെയുണ്ടായ സ്ഫോടനമാണു ഷായുടെ ജീവനെടുത്തത്. അതേസമയം, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മാധ്യമപ്രവർത്തകന്റെ വേഷത്തിലെത്തിയ ഭീകരൻ ജനക്കൂട്ടത്തിനിടയിൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് വക്താവ് കാബുൾ ഹഷ്മത് പറഞ്ഞു. ബൈക്കിൽ ഘടിപ്പിച്ച നിലയിലായിരുന്നു ആദ്യസ്ഫോടനത്തിന് ഇടയാക്കിയ ബോംബ്. ഈ സ്ഫോടനത്തിൽ നാലുപേർ മരിക്കുകയും അഞ്ചു പേർക്കു പരുക്കേൽക്കുകയുമായിരുന്നു.

കാബൂളിൽ വോട്ടേഴ്സ് റജിസ്ട്രേഷൻ സെന്ററിൽ അറുപതുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ സംഭവം. ഒക്ടോബറിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കനത്ത ജാഗ്രതാ നിർദേശമാണ് സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയിരുന്നത്.

ഷാ മറായി – ഡ്രൈവറിൽനിന്ന് ഫൊട്ടോഗ്രഫറിലേക്ക്

Shah Marai ഷാ മറായി

1996ൽ എഎഫ്പിയിൽ ഡ്രൈവറായിട്ടാണു ഷാ മറായി ജോലി ആരംഭിച്ചത്. താലിബാൻ അധികാരമേറ്റെടുത്തതോടെ ഫൊട്ടോഗ്രഫിയും ആരംഭിച്ചു. 2001ലെ യുഎസ് അധിനിവേശത്തിന്റേത് ഉൾപ്പെടെയുള്ള വാർത്തകളും ചിത്രങ്ങളും മറായി നൽകി. 2002ൽ മുഴുവൻ സമയ ഫോട്ടോ സ്ട്രിങ്ങർ ആയി ചുമതലയേറ്റു.