ആണവപരീക്ഷണകേന്ദ്രം അടുത്ത മാസം അടച്ചുപൂട്ടാമെന്ന് കിം

സോൾ∙ ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രം അടുത്തമാസം അടച്ചുപൂട്ടാമെന്ന് ഉച്ചകോടിയിൽ കിം ജോങ് ഉൻ വാഗ്‌ദാനം ചെയ്തതായി ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. രാജ്യാന്തര സമൂഹത്തിനു മുൻപാകെ സുതാര്യത ഉറപ്പുവരുത്താനായി യുഎസ്, ദക്ഷിണകൊറിയൻ വിദഗ്ധരെയും മാധ്യമപ്രവർത്തകരെയും രാജ്യത്തേക്കു ക്ഷണിക്കുമെന്നും കിം വ്യക്തമാക്കി.

ഉച്ചകോടിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച യുഎസ് പ്രസിഡന്റ് ഡ‍ോണൾഡ് ട്രംപ്, ഉത്തരകൊറിയയുമായി ആണവക്കരാറിലെത്തിച്ചേരാനാകുമെന്നു പ്രത്യാശിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണകൊറിയയുടെ പ്രസിഡന്റ് മൂൺ ജേ ഇന്നും നടത്തിയ ഉച്ചകോടിയിലാണു കൊറിയൻ ഉപദ്വീപിലെ അണ്വായുധ നിരായുധീകരണ നടപടികൾക്കു തീരുമാനിച്ചത്. ‘ഞങ്ങളെക്കുറിച്ചു യുഎസിനു വെറുപ്പാണുള്ളത്. ഞാൻ ദക്ഷിണകൊറിയയ്ക്കു നേരെയോ യുഎസിനു നേരെയോ അണ്വായുധം തൊടുക്കുന്ന വ്യക്തിയല്ലെന്നു നാം തമ്മിൽ ചർച്ച നടത്തുന്നതോടെ അവർ മനസ്സിലാക്കും’ എന്നു കിം പറഞ്ഞതായി ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ വക്താവ് യൂൻ യങ് ചാൻ അറിയിച്ചു.

‘യുഎസുമായി ചർച്ച നടത്താം. യുദ്ധവും കടന്നാക്രമണവും ഉണ്ടാവില്ലെന്നു യുഎസ് ഉറപ്പുനൽകിയാൽ പിന്നെ നമുക്കെന്തിനാണ് അണ്വായുധങ്ങൾ?’– കിം പറഞ്ഞു. ജപ്പാനുമായി ഏതുസമയവും ചർച്ചയ്ക്കു തയാറാണെന്നും അദ്ദേഹം മൂണിനെ അറിയിച്ചു.

അതിനിടെ, കിമ്മുമായുള്ള കൂടിക്കാഴ്ച മൂന്നോ നാലോ ആഴ്ചയ്ക്കകം നടക്കുമെന്നു ട്രംപ് വ്യക്തമാക്കി. ഉത്തരകൊറിയയുമായി ആണവക്കരാർ ഉണ്ടാക്കി താൻ ലോകത്തിനു വൻസമ്മാനം നൽകുമെന്നും മിഷിഗനിൽ നടന്ന റാലിയിൽ ട്രംപ് പ്രഖ്യാപിച്ചു. മംഗോളിയയിലോ സിംഗപ്പൂരിലോ ആകും കിം–ട്രംപ് കൂടിക്കാഴ്ചയെന്നാണു സൂചന.

സമാധാനപാതയിൽ ഇനി ഒരേ സമയം

സോൾ∙ ദക്ഷിണകൊറിയയുടെ സമയവുമായി യോജിച്ചുപോകാൻ ഉത്തരകൊറിയയുടെ സമയം 30 മിനിറ്റ് മുൻപോട്ടാക്കുമെന്നു കിം ജോങ് ഉൻ പറഞ്ഞു. സമാധാനനീക്കങ്ങളുടെ ഭാഗമായാണ് ഇരുരാജ്യവും ഒരേ സമയം സ്വീകരിക്കുന്നത്. 2015ൽ ഉത്തരകൊറിയ സമയം 30 മിനിറ്റ് പിന്നോട്ടാക്കിയതുമുതൽ ഇരുകൊറിയകളും വ്യത്യസ്ത സമയമാണു പിന്തുടരുന്നത്.