ചീത്തവിളി ഇനി വേണ്ട; അതിർത്തിയിലെ ഉച്ചഭാഷിണികൾ ദക്ഷിണ കൊറിയ നീക്കും

സോൾ ∙ അതിർത്തിയിൽ ഉത്തര കൊറിയയ്ക്കെതിരെ നിരന്തരം മുദ്രാവാക്യം മുഴക്കുന്ന ഉച്ചഭാഷിണികൾ ഇന്നു നീക്കം ചെയ്യുമെന്നു ദക്ഷിണ കൊറിയ പ്രഖ്യാപിച്ചു. സമാധാനനീക്കങ്ങൾക്കു ശക്തിപകരാനായുള്ള നടപടികളുടെ ഭാഗമാണിത്. ദക്ഷിണ കൊറിയയിലെ ഔദ്യോഗിക സമയത്തിനൊപ്പമാക്കാൻ തങ്ങളുടെ സമയം അരമണിക്കൂർ മുന്നോട്ടാക്കുമെന്ന് ഉത്തര കൊറിയ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ഇരുരാജ്യങ്ങളുടെയും ഭരണാധികാരികളായ കിം ജോങ് ഉന്നും മൂൺ ജെ ഇന്നും വെള്ളിയാഴ്ച നടത്തിയ ഉച്ചകോടിക്കു പിന്നാലെയാണു ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികൾക്കു തുടക്കമായത്. കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ദക്ഷിണ കൊറിയ ഉച്ചഭാഷിണികൾ നിർത്തിവച്ചിരുന്നു. ഉത്തര കൊറിയൻ വിരുദ്ധ വാർത്തകളും വിമർശനങ്ങളും പോപ് സംഗീതവുമാണ് ഇവയിലൂടെ പ്രക്ഷേപണം ചെയ്തിരുന്നത്. ‌

ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യീ നാളെ ഉത്തര കൊറിയ സന്ദർശിക്കും. അവരുടെ ഏക സഖ്യകക്ഷിയാണു ചൈന. ഇതേസമയം, ദക്ഷിണ കൊറിയയിൽ വെള്ളിയാഴ്ച സ്വകാര്യ ഏജൻസി നടത്തിയ സർവേയിൽ ഉത്തര കൊറിയയോടുള്ള വിശ്വാസം വർധിച്ചതായി കണ്ടെത്തി.

ഉത്തര കൊറിയ ആണവ നിരായുധീകരണ വാഗ്‌ദാനം പാലിക്കുമെന്നു വിശ്വസിക്കുന്നത് 64.7% പേരാണ്. ഉച്ചകോടിക്കുശേഷമാണ് ഉത്തര കൊറിയയുടെ വിശ്വാസ്യത ഉയർന്നത്. നേരത്തേ ദക്ഷിണ കൊറിയയിൽ ഉത്തര കൊറിയയുടെ സമാധാനനീക്കങ്ങളെ പിന്തുണച്ചിരുന്നത് 14.7% ആയിരുന്നെങ്കിൽ ഉച്ചകോടിക്കുശേഷം അത് 28.3% ആയി ഉയർന്നു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിന്റെ ജനപ്രീതിയും ജനുവരിക്കുശേഷം കുത്തനെ ഉയർന്നിട്ടുണ്ട് (70%).