ശാന്തിമാർഗത്തിൽ ഉത്തര കൊറിയയ്ക്ക് ചൈനയുടെ പിന്തുണ; ആണവ നിരായുധീകരണത്തിന് സഹായിക്കും

ബെയ്ജിങ്∙ ഇരു കൊറിയകളുടെയും സമാധാനപരമായ സഹകരണത്തിനു പൂർണ പിന്തുണ നൽകുമെന്നു ചൈന. ഉത്തര കൊറിയയിൽ ദ്വിദിന സന്ദർശനത്തിനെത്തിയ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യീ, ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയിലാണു സമാധാന ശ്രമങ്ങൾക്കു പിന്തുണ വാഗ്ദാനം ചെയ്തത്.

‘മേഖലയിലെ സംഘർഷം എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിനെ ചൈന പിന്തുണയ്ക്കുകയും ആണവനിരായുധീകരണത്തിന് ഉത്തര കൊറിയയെ സഹായിക്കുകയും ചെയ്യും’– വാങ് പറഞ്ഞു. ആണവ നിരായുധീകരണത്തിനുള്ള ഉത്തര കൊറിയയുടെ പ്രതിബദ്ധത കിം ജോങ് ഉന്നും ആവർത്തിച്ചു.

2007നു ശേഷം ഉത്തര കൊറിയ സന്ദർശിക്കുന്ന ചൈനയുടെ ആദ്യ വിദേശകാര്യമന്ത്രിയാണു വാങ്. കിമ്മും ട്രംപും തമ്മിൽ താമസിയാതെ കൂടിക്കാഴ്ച നടത്താനിരിക്കേയാണു ചൈന വിദേശകാര്യമന്ത്രിയുടെ ഉത്തര കൊറിയ സന്ദർശനം.