ഇറാന്റെ ആണവ പദ്ധതി: നെതന്യാഹു മോദിയെ വിളിച്ചു

ബെന്യാമിൻ നെതന്യാഹു, നരേന്ദ്ര മോദി

ജറുസലം∙ ഇറാന്റെ രഹസ്യ ആണവ പദ്ധതിയെക്കുറിച്ചു ചാരസംഘടന ശേഖരിച്ച തെളിവുകളുടെ വിശദാംശങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധരിപ്പിച്ചു. നെതന്യാഹുവിന്റെ മാധ്യമ ഉപദേഷ്ടാവാണ് ഓസ്ട്രേലിയ, യുകെ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരോടൊപ്പം മോദിയെയും നെതന്യാഹു വിളിച്ചതായി വെളിപ്പെടുത്തിയത്. ഇതിനിടെ, ഈ മാസം 12ന് ഇറാനുമായുള്ള ആണവക്കരാറിൽ നിന്നു യുഎസ് പിന്മാറുമെന്നും അവർക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആണവ പദ്ധതിയെക്കുറിച്ച് ഇസ്രയേൽ ചാരസംഘടനയായ മൊസാദ് ഇറാനിലെ രഹസ്യ ഗോഡൗണിൽ നിന്ന് ഒരു ലക്ഷത്തിൽപരം രേഖകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങൾ കഴിഞ്ഞയാഴ്ച വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയ നെതന്യാഹു, ലോകനേതാക്കളെ മിക്കവരെയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. ജർമനി, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കൾ ഈ രേഖകൾ കാണാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. രേഖകളുടെ ആധികാരികത പരിശോധിക്കാൻ ലണ്ടൻ, പാരിസ്, ബർലിൻ എന്നിവിടങ്ങളിൽ നിന്നു വിദഗ്ധരെത്തും.