ചൈനയിൽ മുൻ പിബി അംഗത്തിന് അഴിമതിക്കേസിൽ ജീവപര്യന്തം; മുഴുവൻ സ്വത്തും കണ്ടുകെട്ടും

സൺ സെങ്‍കായി, ഷി ചിൻപിങ്

ബെയ്ജിങ്∙ ചൈനയിൽ പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ പിൻഗാമിയാകുമെന്നു കരുതിയിരുന്ന മുൻ പൊളിറ്റ്ബ്യൂറോ (പിബി) അംഗം സൺ സെങ്‍കായിയെ 178 കോടി രൂപയുടെ അഴിമതിക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഷി ചിൻപിങ്ങിനെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്നു സൂചന കിട്ടിയതിനെ തുടർന്നു സൺ സെങ്‍കായി ഉൾപ്പെടെയുള്ളവരെ അഴിമതിക്കേസിൽ കുടുക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

ടിയാൻജിൻ കോടതിയാണ് ഇന്നലെ സൺ സെങ്‍കായിക്കു ജീവപര്യന്തം വിധിച്ചത്. ജീവിതാന്ത്യം വരെ ഇദ്ദേഹത്തിനു രാഷ്ട്രീയ അവകാശങ്ങൾ ഉണ്ടായിരിക്കില്ല. എല്ലാ സ്വകാര്യ സ്വത്തുക്കളും കണ്ടുകെട്ടും. തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവ് വിധി അംഗീകരിക്കുകയും അനുതാപം പ്രകടിപ്പിക്കുകയും ശിക്ഷയ്ക്കെതിരെ അപ്പീൽ നൽകില്ലെന്നു സമ്മതിക്കുകയും ചെയ്തതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പൊളിറ്റ്ബ്യൂറോയിലെ ഏഴംഗ സ്ഥിരസമിതിയിലേക്ക് ഉയർത്തപ്പെടുമെന്നു കരുതിയിരുന്ന ഏറ്റവും പ്രായം കുറഞ്ഞ പിബി അംഗമായിരുന്നു അൻപത്തിനാലുകാരനായ സൺ. എന്നാൽ പാർട്ടിയുടെ അച്ചടക്കസമിതി, അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചു സണ്ണിനെ പിബിയിൽ നിന്നു പുറത്താക്കി. പ്രസിഡന്റ് ഷിയുടെ അഴിമതിവിരുദ്ധ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. തുടർന്നു താൻ ‌സ്ഥാനം ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്നു സൺ കുറ്റസമ്മതം നടത്തിയതായും ഖേദം പ്രകടിപ്പിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സൺ ഉൾപ്പെടെയുള്ള മുൻനിര നേതാക്കളിൽ ചിലർ അഴിമതിവിരുദ്ധ നടപടികളിൽ നിന്നു രക്ഷപ്പെടുന്നതിനു ഷി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതായി പാർട്ടി കോൺഗ്രസിൽ നേതൃത്വം വെളിപ്പെടുത്തിയിരുന്നു. 2013ൽ പിബി അംഗമായ ബോ സിലായിക്കു സമാന കേസിൽ നേരത്തേ ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടുണ്ട്. ഇപ്രകാരം അഴിമതിക്കുറ്റത്തിനു ജയിലിൽ അടച്ച മറ്റൊരു ശ്രദ്ധേയനായ നേതാവാണു ഷൂ യോങ്കാങ്.

ഷി അധികാരമേറ്റശേഷം അഴിമതിവിരുദ്ധ നടപടികളിൽ പത്തു ലക്ഷത്തോളം ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടതായാണു കണക്കുകൾ. പാർട്ടിയുടെ പ്രാദേശിക തലത്തിൽ 2.78 ലക്ഷം നേതാക്കളും ഉദ്യോഗസ്ഥരും 440 മുതിർന്ന നേതാക്കളും പാർട്ടി ആസ്ഥാനത്തെ 43 ഉന്നതരും അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടുവെന്നാണു പാർട്ടി അച്ചടക്കസമിതി അറിയിച്ചത്.