യുഎസ് ബന്ദികളെ ഉത്തര കൊറിയ മോചിപ്പിച്ചു

കിം ഹാക്–സോങ്, കിം ഡോങ് ചുൽ, ടോണി കിം

സോൾ∙ ചാരവൃത്തിക്കു ബന്ദികളാക്കിയ മൂന്ന് യുഎസ് പൗരന്മാരെയും ഉത്തര കൊറിയ മോചിപ്പിച്ചു. കിം ഹാക്–സോങ്, ടോണി കിം, കിം ഡോങ് ഉൻ എന്നിവരാണു മോചിതരായത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായുള്ള ഈ നടപടി ശുഭസൂചകമാണ്. ട്രംപ് – കിം കൂടിക്കാഴ്ച ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നടക്കും. കിമ്മുമായുള്ള ‘നല്ല കൂടിക്കാഴ്ച’യ്ക്ക് താൻ കാത്തിരിക്കുകയാണെന്നും അതിനുള്ള സ്ഥലവും തീയതിയും തീരുമാനിച്ചുകഴി‍ഞ്ഞെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയ്ക്കൊപ്പം ‘മൂന്നു നല്ല മനുഷ്യർ’ യുഎസിലേക്കു യാത്രതിരിച്ച കാര്യവും ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.

ഉത്തര കൊറിയയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ മേധാവി കിം യോങ് ചോലിന്റെ പ്രത്യേക അതിഥിയായാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പോങ്യാങ് സന്ദർശിച്ചത്. യുഎസും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം ഏറെ മോശമാകുന്നതിനു ബന്ദി പ്രശ്നം ഇടയാക്കിയിരുന്നു. ട്രംപ് അധികാരമേറ്റശേഷം ഉത്തര കൊറിയ വിട്ടയച്ച യുഎസ് വിദ്യാർഥി ഓട്ടോ വാംബിയർ യുഎസിലെത്തി ദിവസങ്ങൾക്കുള്ളിൽ ആശുപത്രിയിൽ മരിച്ചു.

ഉച്ചകോടിക്കു മുന്നോടിയായി ദക്ഷിണ കൊറിയ, ചൈന, ജപ്പാൻ എന്നീ അയൽരാജ്യങ്ങളുമായുള്ള ബന്ധം ഉത്തര കൊറിയ മെച്ചപ്പെടുത്തുന്നതിന്റെ സൂചനയുണ്ട്. ദക്ഷിണ കൊറിയ, ചൈന പ്രസിഡന്റുമാരുമായി കിം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കുള്ള സന്നദ്ധത ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ ആബെ അറിയിച്ചിട്ടുണ്ട്. ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കിം കഴിഞ്ഞ ദിവസം രണ്ടാമതും കൂടിക്കാഴ്ച നടത്തിയിരുന്നു. കൊറിയ ഉപദ്വീപിനെ ആണവമുക്തമാക്കുമെന്നു പൻമുൻജോമിൽ കിം പ്രഖ്യാപിച്ചതു യാഥാർഥ്യമാക്കുന്നതിനു കൂടുതൽ നടപടിയുണ്ടാകണമെന്നു ഷി ആവശ്യപ്പെട്ടതായറിയുന്നു.