ഇസ്രയേൽ വെടിവയ്പിൽ ഗാസയിൽ മരണം 60 ആയി; വ്യാപക പ്രതിഷേധം

ഗാസ സിറ്റി∙ കണ്ണീർവാതകം ശ്വസിച്ചു ഗുരുതരാവസ്ഥയിലായ എട്ടുമാസം പ്രായമുള്ള കുട്ടി കൂടി മരിച്ചതോടെ, പലസ്തീൻ പ്രക്ഷോഭകർക്കു നേരെ ഇസ്രയേൽ നടത്തിയ വെടിവയ്പിലും കണ്ണീർവാതക പ്രയോഗത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി. 2700ൽ ഏറെപ്പേർക്കു പരുക്കേറ്റു.

ജറുസലമിൽ യുഎസ് എംബസിയുടെ ഉദ്ഘാടന ദിനത്തിൽ നടന്ന കൂട്ടക്കൊലയിൽ ഇസ്രയേലിനെതിരെ രാജ്യാന്തര തലത്തിൽ വ്യാപക പ്രതിഷേധമുയർന്നു. പ്രക്ഷോഭത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു വെസ്റ്റ്ബാങ്കിൽ പൊതുപണിമുടക്കു നടന്നു. ആയിരങ്ങളാണു സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത്.

പ്രക്ഷോഭം തുടരുമെന്നു ഹമാസ് പ്രഖ്യാപിച്ചതോടെ അതിർത്തിയിൽ ഇസ്രയേൽ കൂടുതൽ സൈനികരെ നിയോഗിച്ചു. ടാങ്കുകളും എത്തിച്ചു. മാർച്ച് 30 മുതൽ നടക്കുന്ന പ്രക്ഷോഭ ക്യാംപെയ്നിൽ ഇതിനകം 105 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്.

ഇതിനിടെ, വെടിവയ്പിനെ അപലപിച്ചും സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടും യുഎൻ രക്ഷാസമിതിയിൽ പ്രമേയം കൊണ്ടുവരാനുള്ള കുവൈത്തിന്റെ ശ്രമം യുഎസ് തടഞ്ഞു.

ഇസ്രയേൽ സൈനിക അതിക്രമത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അപലപിച്ചു. അതിർത്തി സംരക്ഷിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെങ്കിലും ഇത്രയധികം പേർ കൊല്ലപ്പെട്ടത് ആശങ്കപ്പെടുത്തുന്നതായി ബ്രിട്ടൻ കുറ്റപ്പെടുത്തി. കൂടുതൽ ആളപായം ഒഴിവാക്കാൻ എല്ലാവരും നിയന്ത്രണം പാലിക്കണമെന്നു യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. അതിർത്തി സംഘർഷത്തിൽ കനത്ത ആൾനാശമുണ്ടായ സംഭവത്തെ ആശങ്കയോടെയാണു കാണുന്നതെന്നും നിയന്ത്രണം പാലിക്കണമെന്നും ചൈനയും റഷ്യയും ആവശ്യപ്പെട്ടു.

എന്നാൽ നിയമങ്ങൾ പാലിച്ചാണു പ്രവർത്തിക്കുന്നതെന്നും രാജ്യാന്തര ക്രിമിനൽ കോടതി നടപടികളിൽ ഭയമില്ലെന്നും ഇസ്രയേൽ നിയമമന്ത്രി അയിലെറ്റ് ഷാകദ് പറഞ്ഞു.

യുഎസ് എംബസി മാറ്റം അംഗീകരിക്കില്ല:

സൗദി റിയാദ്∙ ഇസ്രയേലിലെ യുഎസ് എംബസി ജറുസലമിലേക്കു മാറ്റിസ്ഥാപിച്ച നടപടി അംഗീകരിക്കില്ലെന്നു സൗദി അറേബ്യ വ്യക്തമാക്കി. ജറുസലമിൽ പലസ്തീൻ ജനതയ്ക്കുള്ള അവകാശങ്ങളെ ഹനിക്കുന്നതാണു യുഎസ് നടപടിയെന്നും സൗദി കുറ്റപ്പെടുത്തി.

ഇതിനിടെ, തുർക്കിയും ഇസ്രയേലും സ്ഥാനപതിമാരെ പരസ്പരം പുറത്താക്കി.