ഇറാൻ സെൻട്രൽ ബാങ്ക് തലവൻ ആഗോള ഭീകരനെന്ന് യുഎസ്

വലിയുല്ല സെയ്ഫ്

വാഷിങ്ടൻ∙ ഇറാൻ സെൻട്രൽ ബാങ്ക് തലവൻ വലിയുല്ല സെയ്ഫിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎസ്, അദ്ദേഹവുമായി ലോകത്താരും വ്യാപാരത്തിൽ ഏർപ്പെടരുതെന്നു വിലക്കി. സെൻട്രൽ ബാങ്ക് രാജ്യാന്തര വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അലി തർസാലിക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ മേലുള്ള യുഎസിന്റെ സാമ്പത്തിക സമ്മർദം ഇതോടെ ശക്തമായി.

വലിയുല്ല സെയ്ഫ്, അലി തർസാലി എന്നിവർ ഇറാഖിലെ ഒരു ബാങ്ക് വഴി തീവ്രവാദി സംഘടനയായ ഹിസ്ബുല്ലയ്ക്ക് കോടിക്കണക്കിനു ഡോളർ ചോർത്തിക്കൊടുത്തിരുന്നതായി യുഎസ് കുറ്റപ്പെടുത്തി. ഭീകരരെ പിന്തുണയ്ക്കാനായി സാമ്പത്തിക സഹായം നൽകിവന്ന ഇറാന്റെ ചതിക്കെതിരെ രാജ്യാന്തര സമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നു ട്രഷറി സെക്രട്ടറി സ്റ്റീവൻ ന്യൂച്ചിൻ പറഞ്ഞു.

വലിയുല്ല സെയ്ഫിനെ ഭീകരപട്ടികയിൽ പെടുത്തുകയും വിലക്കേർപ്പെടുത്തുകയും ചെയ്ത നടപടി ഫലത്തിൽ രാജ്യാന്തര സാമ്പത്തിക രംഗത്ത് ഇറാനെ കൂടുതൽ ഒറ്റപ്പെടുത്തും. യുഎസിൽ ഫെഡറൽ റിസർവ് ചെയർമാനുള്ള സ്ഥാനമാണ് ഇറാനെ സംബന്ധിച്ചിടത്തോളം സെയ്ഫിനുള്ളത്. യുഎസ് നടപടിയോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.