ട്രംപ്–കിം ഉച്ചകോടി മുടങ്ങാതിരിക്കാൻ ദക്ഷിണ കൊറിയ രംഗത്ത്

സോൾ ∙ സിംഗപ്പൂരിൽ ജൂൺ 12നു ട്രംപ്–കിം ഉച്ചകോടി നടക്കുമെന്ന് ഉറപ്പു വരുത്താൻ ദക്ഷിണകൊറിയ രംഗത്ത്. ആണവനിരായുധീകരണ ചർച്ചകൾക്കിടെ കഴിഞ്ഞദിവസം നടന്ന ദക്ഷിണ കൊറിയ–യുഎസ് സംയുക്ത സൈനികാഭ്യാസമാണ് ഉത്തര കൊറിയയെ പ്രകോപിച്ചിച്ചത്. ഉത്തരകൊറിയയുമായും യുഎസുമായും പല നിലകളിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും നിർദിഷ്ട ഉച്ചകോടി തടസ്സമില്ലാതെ നടക്കുമെന്നു പ്രതീക്ഷിക്കുന്നതായും ദക്ഷിണകൊറിയയുടെ ദേശീയ സുരക്ഷാസമിതി അറിയിച്ചു.

ഇതിനിടെ, ഉത്തരകൊറിയ–യുഎസ് ഉച്ചകോടിയിൽ നിന്നു പിന്മാറുമെന്ന ഉത്തരകൊറിയയുടെ ഭീഷണിയോടു കരുതലോടെ പ്രതികരിച്ച യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ് ‘ഞങ്ങളൊന്നും കണ്ടില്ല, ഒന്നും കേട്ടില്ല, ആട്ടെ എന്തു സംഭവിക്കുമെന്നു നോക്കാം’ എന്നാണു വാഷിങ്ടനിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞത്.