ഓൾഗയുടെ ‘ഫ്ലൈറ്റ്സി’ന് മാൻ ബുക്കർ പുരസ്കാരം

എഴുത്തുകാരി ഓൾഗ തൊകാർചുക് (ഇടത്), പരിഭാഷക ജെനിഫർ ക്രോഫ്റ്റ്.

ലണ്ടൻ ∙ പോളണ്ടിലെ സാഹിത്യത്തിനു രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്ത്, ഓൾഗ തൊകാർചുകിന്റെ ‘ഫ്ലൈറ്റ്സി’നു മാൻ ബുക്കർ ഇന്റർനാഷനൽ പുരസ്കാരം. പോളണ്ടിലെ എഴുത്തുകാരിലൊരാൾ ആദ്യമായാണ് ഈ പുരസ്കാരം നേടുന്നത്. അമേരിക്കക്കാരിയായ ജെനിഫർ ക്രോഫ്റ്റാണു ‘ഫ്ലൈറ്റ്സി’ന്റെ ഇംഗ്ലിഷ് പരിഭാഷക. പുരസ്കാരത്തുകയായ 67,000 ഡോളർ ഇരുവരും പങ്കിടും. ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിലായിരുന്നു പുരസ്കാരച്ചടങ്ങ്.

പോളണ്ടിലെ പ്രശസ്ത എഴുത്തുകാരിയായ ഓൾഗ തൊകാർചുക് എട്ടു നോവലുകൾ രചിച്ചിട്ടുണ്ട്. രണ്ടു കഥാസമാഹാരങ്ങളും. പരമ്പരാഗത ആഖ്യാനരീതികളിൽനിന്നു വേറിട്ടുനിൽക്കുന്ന ‘ഫ്ലൈറ്റ്സ്’ നർമവും ഭാവനയുടെ സൗന്ദര്യവും കൊണ്ടു സമ്പന്നമാണെന്നു മാൻ ബുക്കർ ഇന്റർനാഷനൽ ജൂറി അധ്യക്ഷ ലിസ അപിങ്ന്യനേസി പറഞ്ഞു. മനുഷ്യശരീരഘടനാശാസ്ത്രവുമായി ബന്ധപ്പെട്ട അസാധാരണ പ്രമേയമാണു നോവലിന്റേത്. ഒരു സ്ത്രീയുടെ നിരന്തരയാത്രകളിലൂടെ, തത്വചിന്താമധുരമായി ഓൾഗ പറയുന്നത് വൈവിധ്യപൂർണമായ കഥകൾ. സ്പാനിഷ്, യുക്രേനിയൻ ഭാഷകളിൽനിന്നുള്ള പുസ്തകങ്ങളും പരിഭാഷപ്പെടുത്തുന്ന ജെനിഫർ ക്രോഫ്റ്റ് ബ്യൂനസ് ഐറിസ് റിവ്യൂ സ്ഥാപക എഡിറ്ററാണ്. മൈക്കൽ ഹോഫ്മൻ, ഹാരി കുൻസ്റു, ഹെലൻ ഒയെയമി, ടിം മാർട്ടി‍ൻ എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങൾ. 

തുറന്നെഴുതി, തുറന്നുപറഞ്ഞ്, ഓൾഗ

പോളണ്ടിലെ തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ അതിനിശിതമായി വിമർശിക്കുന്ന ഓൾഗ, അതിന്റെ പേരിൽ ഭീഷണികൾ നേരിട്ടിട്ടുണ്ട്. ‘ഡ്രൈവ് യോർ പ്ലോ ഓവർ ദ് ബോൺസ് ഓഫ് ദ് ഡെഡ്’ ആധാരമാക്കിയെടുത്ത സിനിമ, ക്രിസ്ത്യൻ വിരുദ്ധമെന്നു വിമർശിക്കപ്പെട്ടിരുന്നു. കൊളോണിയൽ മനോഭാവത്തോടെയുള്ള കടുത്ത ചെയ്തികൾ പലതും പോളണ്ടിന്റെ ചരിത്രത്തിലുണ്ടെന്നു 2014 ൽ ടിവി പരിപാടിയിൽ അഭിപ്രായപ്പെട്ടത് വലിയ കോളിളക്കം സൃഷ്ടിച്ചു. ഭീഷണികൾ മൂലം എഴുത്തുകാരിക്ക് അംഗരക്ഷകരുടെ സഹായം തേടേണ്ടിവന്നു. ഓൾഗയുടെ ‘ദ് ബുക്സ് ഓഫ് ജേക്കബ്’ പോളണ്ടിലെ ബുക്കർ എന്നറിയപ്പെടുന്ന നൈക്ക് പുരസ്കാരം നേടിയിരുന്നു. 

ഇംഗ്ലിഷ് പരിഭാഷ, രാജ്യാന്തര വായന

എഴുത്തുഭാഷ ഇംഗ്ലിഷ് അല്ലാത്ത നോവലിസ്റ്റുകളുടെ കരിയർ തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ളതാണു മാൻ ബുക്കർ ഇന്റർനാഷനൽ പുരസ്കാരം. 2016 ൽ ഈ പുരസ്കാരം നേടിയ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്റെ ‘ദ് വെജിറ്റേറിയൻ’ ലോകപ്രസിദ്ധമായതു ‍ഞൊടിയിടയിൽ. കൊറിയൻ സാഹിത്യത്തിന്റെ ബ്രിട്ടനിലെ വിൽപനയിൽ 400% വർധനയാണ് തുടർന്നുണ്ടായത്. കഴിഞ്ഞവർഷം പുരസ്കാരം നേടിയ ഇസ്രയേൽ എഴുത്തുകാരൻ ഡേവിഡ് ഗ്രോസ്മന്റെ ‘എ ഹോഴ്സ് വോക്സ് ഇൻടു എ ബാർ’, അവാർഡ് ലഭിച്ചതിന്റെ പിറ്റേയാഴ്ച മാത്രം വിൽപനയിൽ 1367% വർധനവു രേഖപ്പെടുത്തി.