Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോർജ് സാൻഡേഴ്സിന് മാൻ ബുക്കർ പുരസ്കാരം

George-Saunders

ലണ്ടൻ ∙ യുഎസ് ചെറുകഥാകൃത്ത് ജോർജ് സാൻഡേഴ്‌സിന്റെ ആദ്യനോവൽ ‘ലിങ്കൺ ഇൻ ദ് ബാർഡോ’യ്ക്കു മാൻ ബുക്കർ പുരസ്കാരം. ബുക്കർ പുരസ്കാരം നേടുന്ന രണ്ടാമത്തെ അമേരിക്കൻ എഴുത്തുകാരനാണ്. പതിനൊന്നു വയസ്സുള്ള മകന്റെ മരണത്തെ തുടർന്ന് ഏബ്രഹാം ലിങ്കൺ കടന്നുപോകുന്ന മനോവേദനകളെ ആവിഷ്കരിക്കുന്ന നോവൽ, ധൈഷണിക ആഴവും വൈകാരിക തീവ്രതയും നിറഞ്ഞതാണെന്നു ബുക്കർ പുരസ്കാര സമിതി വിലയിരുത്തി.

യുഎസ് നോവലിസ്റ്റ് പോൾ ബീറ്റിയുടെ ‘ദ് സെലൗട്ടി’നാണു കഴിഞ്ഞ വർഷം ബുക്കർ ലഭിച്ചത്. അമേരിക്കൻ ആഭ്യന്തരയുദ്ധം നടന്നുകൊണ്ടിരിക്കേ, 1862ൽ വൈറ്റ് ഹൗസിലാണു ലിങ്കന്റെ മകൻ വില്ലിയുടെ അകാലമരണം. ടിബറ്റൻ ബുദ്ധമത സങ്കൽപമനുസരിച്ചു മരണത്തിനും പുനർജന്മത്തിനുമിടയിലുള്ള കാലമാണു ‘ബാർഡോ.’ പുരസ്കാരം സ്വീകരിച്ചു സാൻഡേഴ്‌സ് നടത്തിയ പ്രസംഗത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദനയങ്ങളെ പലവട്ടം പരാമർശിച്ചു.

ഈ വർഷം മാൻ ബുക്കർ ചുരുക്കപ്പട്ടികയിൽ മൂന്നു യുഎസ് എഴുത്തുകാരും മൂന്നു ബ്രിട്ടിഷ് എഴുത്തുകാരുമാണ് ഇടംനേടിയത്. പോൾ ഓസ്റ്ററുടെ 4321, എമിലി ഫ്രിഡ്‌ലൻഡിന്റെ ഹിസ്റ്ററി ഓഫ് വുൾവ്സ്, മൊഹ്സീൻ ഹാമിദിന്റെ എക്സിറ്റ് വെസ്റ്റ്, ഫിയന മോസ്‌ലിയുടെ എൽമെറ്റ്, ആലി സ്മിത്തിന്റെ ഓട്ടം എന്നിവയാണു ചുരുക്കപ്പട്ടികയിലെ മറ്റു നോവലുകൾ. മുൻപു ബ്രിട്ടിഷ് കോമൺവെൽത്തിലെ എഴുത്തുകാർക്കുമാത്രം നൽകിയിരുന്ന ബുക്കർ സമ്മാനം, 2014 മുതൽ ഇംഗ്ലിഷിലെഴുതുന്നതും യുകെയിൽ പ്രസിദ്ധീകരിക്കുന്നതുമായ എല്ലാ നോവലുകൾക്കുമായി മാറ്റുകയായിരുന്നു.